ഋഷിരാജ് സിംഗ് മോഡിയുടെ സുരക്ഷാ സംഘത്തിലേക്ക്

തിങ്കള്‍, 16 ജൂണ്‍ 2014 (11:38 IST)
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ സംഘത്തിലേക്ക്  പോകാന്‍ ഒരുങ്ങുന്നതായി സൂചന. കേന്ദ്രത്തിലേക്ക് ഡപ്യൂട്ടേഷനു വേണ്ടി ഏതാനും മാസങ്ങളായി ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ഡല്‍ഹിയാത്ര ഇതിനു വേണ്ടിയായിരുന്നുവെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

മോഡി സര്‍ക്കാരിലെ പല സിവില്‍ സര്‍വീസര്‍മാരുമായും ഋഷിരാജ് സിംഗിന് അടുത്ത ബന്ധമുണ്ട്. അതുപോലെ തന്നെ മോഡിയുടെ സുരക്ഷാ സംഘത്തിലേക്ക് എത്തുന്നതിന് പലയിടത്തു നിന്നും അദ്ദേഹത്തെ ക്ഷണിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. അതിനാലാണ് സിംഗ് തിരിച്ചു പോകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കാരണമായത്.

ആര്യാടന്‍ മുഹമ്മദ് ഗതാഗതി മന്ത്രിയായിരിക്കെ പ്രത്യേക താത്പര്യം എടുത്താണ് ഋഷിരാജ് സിംഗിനെ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറായി നിയമിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കര്‍ശന ഗതാഗത പരിഷ്‌കരണങ്ങള്‍ക്ക് ആര്യാടന്‍ പൂര്‍ണ പിന്തുണയും നല്‍കി.

പിന്നീട് ഗതാഗതമന്ത്രി മാറിയതോടെയാണ് ആവശ്യമായ പരിഗണന ലഭിക്കാതിരുന്നതിനാല്‍ ഋഷിരാജ് സിംഗ് നിരാശയിലായിരുന്നു. ഗതാഗതനിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറിന് ശ്രദ്ധയില്ലെന്നായിരുന്നു ഋഷിരാജ് സിങിന്റെ പരാതി.

അതിനിടയില്‍ സീറ്റ് ബെല്‍റ്റിനെ ചൊല്ലിയുള്ള വിവാദത്തെ തുടര്‍ന്ന് വീണ്ടും അവധി നീട്ടി. കേന്ദ്രഗ്രാമ വികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകടമരണം നടന്ന സാഹചര്യത്തില്‍ കാറിന്റെ പിന്‍സീറ്റിലിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ആവശ്യം നിലവിലെ ഗതാഗതി മന്ത്രി നിയമസഭയില്‍ തള്ളിയതോടെയാണ് ഋഷിരാജ് സിംഗ് അവധിയിലേക്ക് പോയത്.

വെബ്ദുനിയ വായിക്കുക