ഇനിയയുടെ വീട്ടിലെ മോഷണം: സഹോദരിയുടെ പ്രതിശ്രുത വരന്‍ പിടിയില്‍

ശനി, 14 ജൂണ്‍ 2014 (11:58 IST)
തമിഴ്-മലയാള ചലച്ചിത്രതാരം ഇനിയയുടെ വീട്ടില്‍ നടന്ന മോഷണത്തിന് പിന്നിൽ ഇനിയയുടെ സഹോദരി സ്വാതിയുടെ പ്രതിശ്രുത വരനെന്ന് തെളിഞ്ഞു. ചലച്ചിത്ര താരം ഇനിയയുടെ  (ശ്രുതി) സഹോദരിയും സീരിയൽ നടിയുമായ സ്വാതിയുടെ പ്രതിശ്രുത വരനായ പാറ്റൂർ മൂലവിളാകം എംആർഎ 241ൽ ഷെബിനാണ് (32) അറസ്റ്റിലായത്.

വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഷെബിന്‍. വീട്ടിലെ അംഗങ്ങള്‍ സിനിമ കാണുന്നതിനായി പോയ സമയത്ത് ഷെബിനും സംഘവും വീട്ടിലെത്തി കതക് തുറന്ന് അകത്തുകയറി അഞ്ചു ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു.

സിനിമ കാണാനുള്ള ടിക്കറ്റ് എടുത്തു നല്‍കിയത് ഷെബിനായിരുന്നു. പിന്നീട് വീട്ടിലെ അംഗങ്ങളെ തിയേറ്ററില്‍ എത്തിച്ചശേഷം ഷെബിന്‍ തിരികെയെത്തി മോഷണം നടത്തുകയായിരുന്നു. ഇയാളേയും കൂട്ടാളിയേയും ഇന്നലെ തമ്പാനൂർ സിഐ  കമറുദ്ദീനും കരമന എസ്ഐ സി മോഹനനും ചേർന്ന് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്.

വെബ്ദുനിയ വായിക്കുക