തിരുവമ്പാടിയില്‍ അവസരം മുതലെടുത്ത് സിപിഎം; മലയോര വികസന സമിതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം നിലപാട്

വെള്ളി, 11 മാര്‍ച്ച് 2016 (10:55 IST)
തിരുവമ്പാടിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാതെ താമരശ്ശേരി രൂപത ഇടഞ്ഞു നില്‍ക്കുന്നത് മുതലാക്കാന്‍ സി പി എം. മലയോരവികസന സമിതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സി പി എം ജില്ല നേതൃത്വം വ്യക്തമാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും മലയോര വികസന സമിതിയുടെ അഭിപ്രായം കൂടി പരിഗണിച്ചാകും തിരുവമ്പാടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയെന്നും സി പി എം ജില്ല സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
 
പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്ന താമരശേരി രൂപതയുടെ നിലപാടിനെ എതിർക്കില്ലെന്നും പി മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. തിരുവമ്പാടി മണ്ഡലത്തില്‍ യു ഡി എഫിനെ പ്രതിനിധീകരിച്ച് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ രൂപത കോണ്‍ഗ്രസ് നേതൃത്വത്തെ അമര്‍ഷം അറിയിച്ചിരുന്നു.
 
തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസുമായി വെച്ചു മാറാന്‍ സന്നദ്ധമാണെന്ന് അറിയിച്ച്, മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെ പി കെ കുഞ്ഞാലിക്കുട്ടി 2011ല്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്ത് പുറത്തായ സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി സി പി എം രംഗത്തെത്തിയത്. 

വെബ്ദുനിയ വായിക്കുക