മൂന്നാം മുന്നണിക്ക് പ്രസക്തിയില്ല; യുഡിഎഫും സി പി എമ്മും തമ്മിലാണ് മത്സരം

തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (12:11 IST)
കേരളത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തദ്ദേശതെരഞ്ഞെടുപ്പില്‍ സി പി എമ്മും യു ഡി എഫും തമ്മിലാണ് മത്സരമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിനു മുന്നോടിയായി കെ പി സി സി ആസ്ഥാനത്ത് കെ പി സി സി അധ്യക്ഷന്‍ സുധീരനുമായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
കേരളത്തില്‍ യു ഡി എഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ തവണത്തേത് പോലെ യു ഡി എഫ് വമ്പിച്ച വിജയം നേടും. നരേന്ദ്ര മോഡിയുടെയും അമിത്ഷായുടേയും ആര്‍ എസ് എസിന്റേയും അജണ്ട കേരളത്തില്‍ നടപ്പിലാകില്ല. കേരളത്തെ ഒരു ഭ്രാന്താലയമാക്കാനാണ് മോഡി ശ്രമിക്കുന്നത്. യു ഡി എഫിന്റേത് മതേതരത്വത്തിന്റെ രാഷ്‌ട്രീയമാണെന്നും ചെന്നിത്തല പറഞ്ഞു.
 
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസും യു ഡി എഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയം നേടും. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ ഒരു സ്ഥാനവുമില്ലെന്ന് തെളിയിക്കുമെന്നും സുധീരന്‍ പറഞ്ഞു. അമിത് ഷാ മോഡി കമ്പനിയുടെ വര്‍ഗീയ അജണ്ട കേരളത്തില്‍ പച്ചതൊടില്ലെന്നും സുധീരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക