നൂറിലേറെ വീടുകള്‍ മോഷണം: മാക്സി കബീര്‍ അറസ്റ്റില്‍

ബുധന്‍, 29 ഒക്‌ടോബര്‍ 2014 (15:34 IST)
നൂറിലേറെ വീടുകളില്‍ മോഷണം നടത്തിയ കേസുകളുമായി ബന്ധപ്പെട്ട് മക്കരപ്പറമ്പ് സ്കൂള്‍ പടിയില്‍ താമസിക്കുന്ന കുറ്റിപ്പുളിയന്‍ അബ്ദുള്‍ കബീര്‍ എന്ന മാക്സി കബീര്‍ പൊലീസ് വലയിലായി.  മലപ്പുറം, കൊളത്തൂര്‍, പെരിന്തല്‍മണ്ണ, മങ്കട എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ പെട്ട നൂറിലേറെ വീടുകളിലായി നടത്തിയ മോഷണത്തില്‍ 150 പവനിലേറെ സ്വര്‍ണ്ണം ഇയാള്‍ കവര്‍ന്നതായി പൊലീസ് അറിയിച്ചു.

മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍.അശോകന്‍റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡാണ്‌ പ്രതിയെ വലയിലാക്കിയത്. മലപ്പുറം ക്രൈം സ്ക്വാഡ് എ.എസ്.ഐ ഉമ്മര്‍ മേമനയുടെ വീട്ടില്‍ മോഷണം നടത്തി നാലു പവന്‍ കവര്‍ച്ച നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്‌. വീടുകളിലെ ജനല്‍ പാളി തുറന്ന് അകത്തു കടന്ന് ഉറങ്ങുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ പൊട്ടിച്ച് ഓടുകയായിരുന്നു ഇയാളുടെ രീതി.

മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളെല്ലാം ഇയാള്‍ കോട്ടയ്ക്കല്‍ കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. ആഭരണങ്ങള്‍ക്കൊപ്പം ഇയാള്‍ സ്ത്രീകളുടെ വസ്ത്രങ്ങളും മോഷ്ടിച്ചിരുന്നു. മലപ്പുറം ഡി.വൈ.എസ്.പി അഭിലാഷിന്‍റെ നിര്‍ദ്ദേശപ്രകാരമാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക