പോലീസ് ചമഞ്ഞു പച്ചക്കറി ലോറിയില്‍ നിന്ന് 96 ലക്ഷം കവര്‍ന്ന ആള്‍ പിടിയില്‍

ശനി, 26 ജൂണ്‍ 2021 (21:10 IST)
തൃശൂര്‍: പോലീസാണെന്ന വ്യാജേന പച്ചക്കറി ലോറിയില്‍ നിന്ന് 96 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി രാജ് കുമാര്‍ എന്ന 37 കാരനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയായ ഇയാള്‍ രാജുഭായി, ഇന്‍സ്പെക്ടര്‍ രാജ്കുമാര്‍ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. കൊല്ലത്തെ ഒളി താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
 
മാര്‍ച്ച് ഇരുപത്തിരണ്ടിനു പുലര്‍ച്ചെ ദേശീയ പാതയില്‍ കുട്ടനല്ലൂരില്‍ വച്ചായിരുന്നു ഇയാളും സംഘവും പണം തട്ടിയെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് പച്ചക്കറിയുടെ എത്തിയ ലോറി ഇലക്ഷന്‍ അര്‍ജന്റ് ബോര്‍ഡ് വച്ച ഇന്നോവ കാറില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തിയാണ് പണം തട്ടിയത്. കഞ്ചാവ് കടത്തുന്നു എന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു ബലമായി സംഘത്തിലെ ചിലര്‍ ലോറി ഡ്രൈവറെയും ക്‌ളീനറെയും കാറില്‍ കയറ്റി ദൂരെ കൊണ്ടുപോയി. പിന്നീട് അവിടത്തന്നെ തിരികെ കൊണ്ടുവിട്ടു.
 
പക്ഷെ തിരികെ എത്തിയ ഇവര്‍ പരിശോധിച്ചപ്പോള്‍ ലോറിയില്‍ വച്ചിരുന്ന 96 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ ഒല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. ലോറിയില്‍ പണമുണ്ടെന്ന് എങ്ങനെയോ അറിഞ്ഞാണ് രാജ്കുമാറും സംഘവും ലോറി തടഞ്ഞത്. തമിഴ്നാട്ടില്‍ വിഗ്രഹ മോഷണ കേസുകളിലും കേരളത്തില്‍ കുഴല്‍പ്പണ കേസുകളിലും പ്രതിയാണ് രാജ്കുമാര്‍. കുഴല്‍പ്പണം തട്ടിയെടുക്കുന്നതില്‍ വിരുതനായതിനാലാണ് ഇയാള്‍ക്ക് ഇന്‍സ്പെക്ടര്‍ രാജ്കുമാര്‍ എന്ന ഇരട്ടപ്പേര് വീണത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍