മോഷ്ടിച്ച വാഴക്കുല മഞ്ഞ പെയിന്റടിച്ച്‌ പഴുത്തതെന്നു പറഞ്ഞു വിറ്റ 2 വിരുതന്മാർ പിടിയിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (20:15 IST)
നെടുങ്കണ്ടം : മോഷ്ടിച്ച വാഴക്കുല മഞ്ഞ പെയിന്റടിച്ച്‌ പഴുത്തതെന്നു പറഞ്ഞു വിറ്റ  2 വിരുതന്മാരെ പോലീസ്  പിടികൂടി. നെടുങ്കണ്ടം കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ എബ്രഹാം വർഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പോലീസിന്റെ വലയിലായത്.

കഴിഞ്ഞ ഏഴു മാസങ്ങൾക്കുള്ളിൽ ഇവർ 200 വാഴക്കുലകളാണ് മോഷ്ടിച്ച് ഇത്തരത്തിൽ പെയിന്റടിച്ച പഴുത്തതെന്നു വിശ്വസിപ്പിച്ചു വിറ്റഴിച്ചത്. ഇവയ്ക്ക് വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലവരും. കന്യാകുമാരി സ്വദേശി പോൾസൺ സോളമൻ എന്നയാൾ ഇവിടെ ഏഴേക്കർ ഏലത്തോട്ടം പാട്ടത്തിനൊത്ത് ഇടവിളയായി വാഴകൃഷി ചെയ്തിട്ടുണ്ട്. തുടക്കത്തിൽ ഒന്നോ രണ്ടോ എണ്ണം മാത്രമായിരുന്നു മോഷണം പോയത്. തുടർന്ന് സൂപ്പർവൈസർ നിയമിച്ചിട്ടും മോഷണം കൂടി.

സഹികെട്ട പോൾസൺ കമ്പംമെട്ട് പോലീസിൽ പരാതി നൽകി. കമ്പംമെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനിടെ പെയിന്റടിച്ച കുല വാങ്ങി തട്ടിപ്പിനിരയായ കൊച്ചറയിലെ വ്യാപാരി എബ്രഹാം വർഗീസ് കുല വിൽപ്പന നടത്തിയതായി പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. നെടുങ്കണ്ടം ഫസ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍