വിവാഹമോചനം നിയമപരമല്ല; രോഗിയായ ഭാര്യയെ ഉപേക്ഷിച്ചത് ശരിയല്ല: സിദ്ദിഖിനെതിരെ കെപിസിസി

ബുധന്‍, 29 ജൂലൈ 2015 (14:28 IST)
ആദ്യഭാര്യയില്‍ നിന്ന് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെ കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ കെ പി സി സി ഉപസമിതിയുടെ കരട് റിപ്പോര്‍ട്ട്. ആദ്യഭാര്യയുമായുള്ള ടി സിദ്ദിഖിന്റെ വിവാഹമോചനം നിയമപരവും മതപരവും ആയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  രണ്ട് ആഴ്ചയ്ക്കകം ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് കെ പി സി സിക്ക് ഉപസമിതി കൈമാറും.
 
രോഗിയായ ഭാര്യയെ ഉപേക്ഷിച്ചത് ശരിയായില്ലെന്നും പൊതുപ്രവര്‍ത്തകന്‍ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തില്‍ സിദ്ദിഖ് പുലര്‍ത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സിദ്ദിഖ് പ്രശ്നങ്ങള്‍ വഷളാക്കി. വിവാഹമോചനം നിയമപരവും മതപരവും ആയിരുന്നില്ല. നിയമപരമായ നഷ്‌ടപരിഹാരവും നല്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
 
അതേസമയം, ഷാനവാസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന സിദ്ദിഖിന്റെ ആരോപണം ഉപസമിതി തള്ളി. ഷാനവാസിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ സിദ്ദിഖിനായില്ല. എം ഐ ഷാനവാസിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്കും ശുപാര്‍ശയില്ല.
 
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിദ്ദിഖ് കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക