സ്വിഗ്ഗി ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തു തീര്‍പ്പായി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ഒക്‌ടോബര്‍ 2022 (09:12 IST)
ശമ്പള അലവന്‍സ് വിഷയങ്ങളിലും പുതുതായി ഏര്‍പ്പെടുത്തിയ മൈ ഷിഫ്റ്റ് മെക്കാനിസം ആപ്പിനുമെതിരെ  നിലനിന്നിരുന്ന തര്‍ക്കത്തെ തുടര്‍ന്ന് സ്വിഗ്ഗി ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തു തീര്‍പ്പായി.  അഡീ ലേബര്‍ കമ്മിഷണര്‍ കെ ശ്രീലാലിന്റെ അദ്ധ്യക്ഷതയില്‍ ലേബര്‍ കമ്മിഷണറേറ്റില്‍ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.  രണ്ടരകിലോമീറ്റര്‍ ദൂരത്തിനുള്ളിലെ ഭക്ഷ്യവിതരണത്തിന് 25 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ആറു രൂപയും അധികമായി നല്‍കും. അഞ്ചു കിലോമീറ്റര്‍ ദൂരപരിധിക്കപ്പുറമുള്ള ഡെലിവറിക്ക് കിലോമീറ്ററിന് ആറു രൂപ കണക്കില്‍ റിട്ടേണ്‍ ചാര്‍ജ്ജ് നല്‍കുന്നതിനും തീരുമാനമായി .മഴസമയത്ത് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഇന്‍സെന്റീവ് 20 രൂപയായി തുടരും. 
 
മൈ ഷിഫ്റ്റ് മെക്കാനിസം മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. എന്നാല്‍ വിതരണതൊഴിലാളികള്‍ക്കുള്ള ആഴ്ചാവസാനം ലഭിക്കുന്ന ഇന്‍സെന്റീവും മാനദണ്ഢങ്ങളും പഴയതുപോലെ തുടരും. വനിതാ വിതരണക്കാര്‍ക്ക് രാത്രികാല ഭക്ഷ്യവിതരണം നിര്‍ബന്ധമല്ലെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി. മൂന്നു മാസങ്ങള്‍ക്ക് ശേഷം മൈ ഷിഫ്റ്റ് മെക്കാനിസം നടപ്പിലാക്കുന്നത് സംബന്ധിച്ച്  തൊഴില്‍ വകുപ്പ് മാനേജ്മെന്റ് തൊഴിലാളി പ്രതിനിധികള്‍ ചേര്‍ന്ന് വിശകലനം നടത്തി അന്തിമ തീരുമാനത്തിലെത്തും. ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയും വിശദീകരണം കേള്‍ക്കുകയും വേണമെന്നും ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍