ബാർ ഉടമകൾക്കു വേണ്ടി അറ്റോർണി ജനറലിനു ഹാജരാകാം, കേരളം എതിർത്തില്ല: സുപ്രീംകോടതി
വെള്ളി, 14 ഓഗസ്റ്റ് 2015 (16:01 IST)
കേരള സർക്കാരിന്റെ മദ്യനയത്തിനെതിരായ കേസിൽ ബാറുമടകൾക്കായി അറ്റോർണി ജനറൽ മുകുൾ റോഹ്‌തഗി ഹാജരാവുന്നത് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാജരാകുന്നതിൽ നിന്ന് എജിയെ വിലക്കാനാകില്ല. അദ്ദേഹത്തെ നിയമിച്ചത് സുപ്രീംകോടതിയല്ല. ചട്ടലംഘനമുണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ വിക്രംജിത്ത് സെൻ, ശിവകീർത്തി സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ കാര്യം വ്യക്തമാക്കിയത്.
ബാറുടമകൾക്ക് വേണ്ടി ഹാജരാവുന്നതിൽ നിന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്‌തഗിയെ വിലക്കണമെന്ന കോൺഗ്രസ് എംഎൽഎ ടിഎം പ്രതാപന്റെ ആവശ്യം കോടതി തള്ളുകയും ചെയ്‌തു.
അറ്റോർണി ജനറൽ കേന്ദ്രത്തിന്റെ ഉന്നത നിയമജ്ഞൻ ആണ്. അദ്ദേഹം അടക്കമുള്ള നിയമ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കേന്ദ്ര സർക്കാരാണ്. അതിനാൽ തന്നെ ബാറുടമകൾക്ക് വേണ്ടി ഹാജരാവുന്നതിൽ നിന്ന് എ.ജിയെ വിലക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും കോടതി വ്യക്തമാക്കി. എജി ഹാജരായതിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കേണ്ടത് കേന്ദ്രമാണെന്നും കോടതി വിശദമാക്കി.