സപ്ലൈകൊ വീണ്ടും സാധാരണക്കാരന്റെ നെഞ്ചത്തടിക്കുന്നു
വ്യാഴം, 25 ഡിസംബര്‍ 2014 (10:15 IST)
ചെറുകിട ഉത്പാദകരില്‍ നിന്ന് സംഭരണം നടത്തും എന്ന് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് സപ്ലൈകൊ അട്ടിമറിക്കുന്നു. ചെറുകിട സ്വയം സഹായ സംഘങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതിനു പകരം വന്‍കിട ഉത്പാദകരില്‍ നിന്ന് സംഭരണം നടത്തിയാല്‍ മതി എന്നാണ് ഇപ്പോള്‍ സപ്ലൈകോയുടെ നിലപാട്.
5 വന്‍കിട കമ്പനികളുടെ പട്ടിക തയാറാക്കി ഇവരില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാവൂവെന്ന് ചൂണ്ടിക്കാട്ടി സപ്ളൈകോ തൃശൂര്‍ ഡിപ്പോ മാനേജര്‍ ഉത്തരവിറക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ യംസഹായ സംഘങ്ങളിലും ചെറുകിട വ്യവസായ യൂണിറ്റുകളുമുള്‍പ്പെടെ നൂറോളം ഉത്പാദകരുടെ സാധനങ്ങള്‍ ഗോഡൌണുകളില്‍ കെട്ടിക്കിടക്കുകയാണ്.
നൂറോളം ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു.ഓണത്തിന് ശേഷം ചെറുകിട സംഘങ്ങളില്‍ നിന്ന് സംഭരിച്ച സാധനങ്ങള്‍ക്ക് നയാപൈസ പ്രതിഫലം നല്‍കിയുമില്ല. 75 ലക്ഷത്തോളം രൂപയുടെ കുടിശികയുണ്ട്. വന്‍കിട കമ്പനികളുടെ കമ്മീഷന്‍ ലക്ഷ്യമിട്ടാണ് ചെറുകിട ഉല്‍പാദകരുടെ സംഭരണം അവസാനിപ്പിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.