യുവതി തൂങ്ങിമരിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍

ശനി, 8 ജനുവരി 2022 (21:04 IST)
മൂന്നാർ: മൂന്നാറിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സി.പി. ശാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 31 നു ഉച്ചയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഷീബ ഏഞ്ചൽ റാണി എന്ന 27 കാരി ആത്മഹത്യ ചെയ്തിരുന്നു. സോഷ്യൽ മീഡിയായിൽ വളരെ സജീവമായിരുന്ന ഇവർ ദേവികുളം സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ കൗൺസിലിംഗ് നടത്തിവരികയായിരുന്നു.

ഇവരുടെ മരണത്തിനു ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ മരണത്തിനു കുറച്ചു ദിവസം മുമ്പ് മുതൽ തന്നെ ഇവർ കടുത്ത മാനസിക സംഘര്ഷത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രേമനൈരാശ്യമാണ് മരണത്തിനു കാരണമായതെന്നും കണ്ടെത്തി. തുടർന്ന് ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ ശാംകുമാർ എന്നയാളിലേക്ക് അന്വേഷണം എത്തിയതും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതും.

ശാംകുമാർ മൂന്നാർ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഷീബയുമായി പരിചയപ്പെട്ടതും ബന്ധം വിവാഹത്തിന് അടുത്ത് വരെ എത്തുകയും ചെയ്തു. പിന്നീട് ശാം കുമാറിന് ശാന്തന്പാറയിലേക്ക് സ്ഥലം മാറ്റം വന്ന ശേഷവും ഇവർ തമ്മിൽ ബന്ധപ്പെട്ടിരുന്നു. എങ്കിലും പിന്നീട് ഉണ്ടായ സംഭവ വികാസങ്ങളാണ് ഷീബയുടെ ആത്മഹത്യയ്ക്ക് കാരണമായത് എന്നാണു സൂചന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍