പിണറായിക്കെതിരേ കൊല്ലം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

വെള്ളി, 24 ഒക്‌ടോബര്‍ 2014 (10:58 IST)
പിണറായി വിജയനെതിരേ കൊല്ലം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ എന്‍ കെ പ്രേമചന്ദ്രനെതിരെയുളള പിണറായി വിജയന്റെ പരനാറി പ്രയോഗം ദോഷം ചെയ്‌തെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം. വിമര്‍ശനം അനവസരത്തിലായിപ്പോയെന്നാണ് ചില അംഗങ്ങള്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്. എം എ ബേബിയുടെ തോല്‍വിയെക്കുറിച്ചന്വേഷിച്ച എം വി ഗോവിന്ദന്‍ സമിതി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമ്പോഴാണ് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ പരനാറി പ്രയോഗം ചര്‍ച്ചയായത്. ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍ എസ് പ്രസന്നകുമാറിന്റെ അധ്യക്ഷഥയിലായിരുന്നു ജില്ലാ കമ്മിറ്റി യോഗം. 
 
കരിങ്ങന്നൂര്‍ മുരളിയാണ് പരനാറി പ്രയോഗത്തെക്കുറിച്ച് കമ്മിറ്റിയില്‍ അഭിപ്രായം പറഞ്ഞത്. എല്‍ഡിഎഫ് വിട്ട് യുഡിഎഫ് കൂടാരത്തിലെത്തിയ പ്രേമചന്ദ്രനെ ലാക്കാക്കി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വെച്ച് നടത്തിയ പരനാറി പ്രയോഗം സമയോചിതമായില്ലെന്നായിരുന്നു വിമര്‍ശനം. പിണറായിയുടെ വിമര്‍ശനം അനവസരത്തിലായെന്നും അത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
ജില്ലാ കമ്മിറ്റിയില്‍ പങ്കെടുത്ത കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസനും ചര്‍ച്ചയില്‍ പങ്കാളിയായി. പ്രേമചന്ദ്രനെതിരെ അത്തരം കടുത്ത വിമര്‍ശനം ആവശ്യമായിരുന്നെങ്കിലും തെരഞ്ഞെടുത്ത സമയം തെറ്റിപ്പോയെന്നും ഗുരുദാസന്‍ കൂട്ടിച്ചേര്‍ത്തു. നാല്‍പതിലേറെ വരുന്ന ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ മൂന്നു പേര്‍കൂടി ഈ അഭിപ്രായം പ്രകടിപ്പിച്ചു. എം വി ഗോവിന്ദന്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ച ജില്ലാ കമ്മിറ്റി സംഘടനാപരമായ ദൗര്‍ബല്യം പരിഹരിക്കാന്‍ ചില നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക