കൊവിഡ് ആശങ്കകൾക്ക് നടുവിൽ നാളെ എസ്എസ്എൽസി പരീക്ഷ, സ്കൂളുകൾക്ക് മുന്നിലെ തിരക്കൊഴിവാക്കാൻ പോലീസ്

തിങ്കള്‍, 25 മെയ് 2020 (19:42 IST)
കൊവിഡ് വ്യാപനത്തിനെ തുടർന്ന് മാറ്റിവെച്ച എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾക്ക് നാളെ തുടക്കം. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കർശനമായ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുക. സ്കൂളുകള്‍ക്ക് മുമ്പിലെ തിരക്ക് ഒഴിവാക്കാനായി  പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും. വനിതാ പോലീസുകാരെയും ഡ്യൂട്ടിയിൽ വിന്യസിക്കും.കുട്ടികളെ സ്കൂളുകളിൽ എത്തിക്കാൻ പോലീസ് വാഹനങ്ങളും ഉപയോഗപ്പെടുത്തും.
 
അതേ സമയം സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷാ നടത്തിപ്പ്.അതിതീവ്ര കേന്ദ്രങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് പ്രത്യേകം ഇരിപ്പിടമുണ്ടാകും. നാളെ രാവിലെ വിഎച്എസ്‌സി  പരീക്ഷയും ഉച്ചക്ക് ശേഷം എസ്എസ്എൽസി കണക്ക് പരീക്ഷയുമാണ്. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി എസ്എസ്എൽസിക്ക് ആകെ 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.ആകെ 13,72012 വിദ്യാർത്ഥികൾ പരീക്ഷയെഴുതും.
 
ഒരുമുറിയിൽ പരമാവധി 20 പേരാണുണ്ടാവുക. കുട്ടികളെ തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിച്ച ശേഷം മാത്രമാകും സ്കൂളിലേക്ക് കടത്തിവിടുക.കുട്ടികളെ രക്ഷിതാക്കൾക്ക് സ്വന്തം വാഹനത്തിൽ കൊണ്ടുവരാം.  വാഹന സൗകര്യം ഉറപ്പാക്കാനുള്ള ചുമതല സ്കൂൾ അധികൃതരുടേതാണ്.സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ 10920 കുട്ടികൾക്ക് പരീക്ഷാകേന്ദ്രം മാറ്റി അനുവദിച്ചു.  അതി തീവ്ര മേഖലയിലെ പരീക്ഷാ നടത്തിപ്പാണ് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നത്. ദിനം പ്രതി ഹോട്ട്സ്പോട്ടുകളുടെ എണ്ണം കൂടുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍