ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റി; സിപി‌എം പുതിയ വിവാദത്തില്‍

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (08:21 IST)
ശ്രീകൃഷ്ണ ജയന്തിദിനത്തിൽ സിപിഎം നടത്തിയ ഘോഷയാത്രയിൽ ശ്രീനാരായണഗുരുവിനെ കുരിശിൽ തറച്ചതായി കാണിക്കുന്ന നിശ്ചലദൃശ്യം വിവാദമാകുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ഈ ചിത്രം ബിജെപി അനുയായികള്‍ വ്യാപകമായി പ്രചരിപ്പിച്ചതൊടെ ഓണം ഘോഷയാത്രയുടെ പേരില്‍ സിപി‌എം മറ്റൊരു കുടുക്കില്‍ പെട്ടു. എസ്‌എന്‍ഡിപി പ്രവര്‍ത്തകരും സംഭവത്തില്‍ അതൃപ്തിയിലായിരിക്കുകയാണ്. സിപി‌എമ്മിന്റെ ടാബ്ലോ വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.

സിപിഎം തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂവോട് നടത്തിയ ഘോഷയാത്രയിലാണു വിവാദ നിശ്ചല ദൃശ്യം ഇടംപിടിച്ചത്. മഞ്ഞ വസ്ത്രം ധരിച്ച ഗുരുവിനെ കാവിയുടുത്ത രണ്ടുപേർ ചേർന്നു കുരിശിൽ തറക്കുന്നതാണു ദൃശ്യം. കുരിശിനു മുകളിൽ ത്രിശൂലവും ദൃശ്യത്തിലുണ്ട്. ശ്രീനാരായണ ദര്‍ശങ്ങളെ സംഘപരിവാര്‍ വളച്ചൊടിക്കുകയാണ്, നശിപ്പിക്കുകയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ സിപി‌എം നേരത്തേ മുറ്റ്ഘല്‍ ഉയര്‍ത്തിയിരുന്നു.

അതേസമയം ജില്ലയിലെ ബാലസംഘം ഘോഷയാത്രകളിൽ ശ്രീനാരായണ ഗുരുവിനെ ആക്ഷേപിച്ചുള്ള ഒരു ദൃശ്യവും ഉണ്ടായിരുന്നില്ലെന്നും ഇതു സംബന്ധിച്ചു സമൂഹമാധ്യമങ്ങളിലൂടെ നുണപ്രചാരണം നടത്തുന്നതു പ്രതിഷേധാർഹമാണെന്നും സിപിഎം ജില്ലാ കമ്മിറ്റി.

കോടിയേരി നങ്ങാറത്തുപീടികയിൽ ആർഎസ്എസുകാരാണ് ശ്രീനാരായണഗുരുവിന്റെ പ്രതിമ തകർത്തത്. ഈ വാർത്ത പുറത്തു വന്നതിനെ തുടർന്നാണ് ഗുരുവിനെ മോശമായി ചിത്രീകരിച്ചു എന്ന നിലയിലുള്ള വ്യാജവാർത്ത പ്രചരിക്കപ്പെട്ടത്. ഗുരു പ്രതിമ തകർത്ത ആർഎസ്എസുകാർക്കെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക