ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപ്പിടിത്തം. ഇടപ്പള്ളിയിലെ വീട്ടിൽ ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് തീ പടർന്നത്. വീട്ടിലെ ഒരു മുറി പൂർണമായി കത്തിനശിച്ചു. തീപ്പിടുത്തം നടക്കുന്ന സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ആർക്കും ആളപായമില്ല. ഷോട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമായത് എന്നാണു പ്രാഥമിക നിഗമനം.തൃക്കാക്കര ഗാന്ധിനഗർ നിലയത്തിലെ ഫയർഫോഴ്സ് എത്തി തീ അണച്ചു.
കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ വെട്ടിക്കുറച്ചിരുന്നു. ആജീവനാന്ത വിലക്ക് ഏഴു വർഷമായാണ് കുറച്ചത്. 2020 സെപ്തംബറോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിന്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. 36കാരനായ ശ്രീശാന്തിൽ ഇനി എത്രത്തോളം ക്രിക്കറ്റ് ബാക്കിയുണ്ടെന്നത് സംശയകരമാണെങ്കിലും ഈ നിലപാട് താരത്തിന് ഏറെ ആശ്വാസമായേക്കും. ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവും അദ്ദേഹത്തിന്റെ ശ്രമം.