സോളാര്‍ റിപ്പോർട്ടിന്മേൽ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ല; കേരളത്തെ അപകീർത്തിപ്പെടുത്തുക എന്നതായിരുന്നു ജനരക്ഷാ യാത്രയുടെ ലക്ഷ്യം - മുഖ്യമന്ത്രി
ശനി, 21 ഒക്‌ടോബര്‍ 2017 (20:17 IST)
സോളാര്‍ കമ്മിഷൻ റിപ്പോർട്ടിന്മേൽ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോർട്ടിന്മേൽ നിയമപരമായി എന്തെല്ലാം നടപടി സ്വീകരിക്കേണ്ടതുണ്ടോ അതെല്ലാം സർക്കാർ ചെയ്യും. മുൻ യുഡിഎഫ് സർക്കാരാണു അന്വേഷണ കമ്മിഷനെ നിയമിച്ചത്. കമ്മിഷൻ ഏറെ സമയമെടുത്തുതന്നെ അതെല്ലാം പൂർത്തിയാക്കി. ഇനി തുടര്‍ നടപടികൾ പൂർത്തിയാക്കേണ്ടതു ഈ സർക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽഡിഎഫിന്റെ ജനജാഗ്രതായാത്ര ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ കീഴ്പ്പെടുത്തുമെന്ന വാശിയോടെയാണു ബിജെപി ജനരക്ഷാ യാത്ര നടത്തിയത്. ജാഥയിലൂടെ സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുകയും തകര്‍ക്കുകയുമായി ആര്‍എസ്എസിന്റെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് 16 കേന്ദ്രമന്ത്രിമാരും നാല് മുഖ്യമന്ത്രിമാരും ഒരു ഡെപ്യൂട്ടി മുഖ്യമന്ത്രിയും പത്ത് ദേശീയ നേതാക്കളം 26 എംപി മാരു എംഎൽഎമാരും കേരളത്തിൽ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ കൊച്ചു സംസ്ഥാനത്തെ വച്ചുപൊറുപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ച ബിജെപി ജനരക്ഷാ യാത്രയുടെ മറവില്‍ രാജ്യമെമ്പാടും സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിട്ടു. ചില സംസ്ഥാനങ്ങളില്‍ സിപിഎം ഓഫീസുകളും കൊടിമരങ്ങളും നശിപ്പിക്കപ്പെടുന്നത് തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇവിടെവന്ന് കേരളത്തിലെ ഭരണത്തെ വിമർശിക്കുന്നത് ഫെഡറൽ സംവിധാനത്തിനെതിരാണെന്നും പ്രസംഗത്തില്‍ പിണറായി കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധനം പോലെ വീണ്ടു വിചാരമില്ലാതെയുള്ള നടപടികള്‍ സ്വീകരിച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്. അതിനൊപ്പം ജിഎസ്ടിയുടെ കെടുതികളും രാജ്യം അനുഭവിക്കുകയാണ്. താജ് മഹലിനെതിരെ പോലും വിദ്വോഷ പ്രചാരണങ്ങള്‍ ബിജെപി നേതാക്കള്‍ നടത്തുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.