ജനകീയപ്രതിരോധ സമരത്തിന് തുടക്കമായി; യെച്ചൂരി ഉദ്ഘാടനം ചെയ്തു

ചൊവ്വ, 11 ഓഗസ്റ്റ് 2015 (18:04 IST)
സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്ക് എതിരെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ജനകീയപ്രതിരോധ സമരത്തിന് തുടക്കമായി. തിരുവനന്തപുരത്ത് രാജ്‌ഭവന് മുന്നില്‍ സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമരം ഉദ്ഘാടനം ചെയ്തു.
 
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അഖിലേന്ത്യാതലത്തില്‍  പാര്‍ട്ടി ഓഗസ്റ്റ് ഒന്നുമുതല്‍ 14 വരെ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പാതയോരത്ത് ധര്‍ണ നടത്തുന്നത്
 
മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെയാണ് പ്രവര്‍ത്തകര്‍ പാതയോരത്ത് ധര്‍ണ ഇരിക്കുന്നത്. മഞ്ചേശ്വരത്ത് എസ് രാമചന്ദ്രന്‍ പിള്ളയും തിരുവനന്തപുരത്ത് രാജ്‌ഭവന് മുന്നില്‍ സീതാറാം യെച്ചൂരിയും ധര്‍ണയില്‍ ആദ്യാവസാന പങ്കാളികളാകും.
 
മഞ്ചേശ്വരം താലൂക്ക് ഓഫീസ് മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ ദൂരമാണ്പ്രവര്‍ത്തകര്‍ പാതയോരത്ത് ധര്‍ണ ഇരിക്കുന്നത്. എംസി റോഡില്‍ അങ്കമാലി മുതല്‍ കേശവദാസപുരം വരെ 241 കിലോമീറ്ററും വയനാട് ജില്ലയില്‍ 29 കേന്ദ്രങ്ങളിലായി 52 കിലോമീറ്ററും പാലക്കാട് ടൗണ്‍ മുതല്‍ ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളി വരെ 72 കിലോമീറ്ററും ഇടുക്കിയില്‍ 75 കിലോമീറ്ററുമാണ് ജനകീയ പ്രതിരോധ ധര്‍ണ സംഘടിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക