മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് നടപടി: നടക്കാന്‍ പാടില്ലാത്തവ നടക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി, പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി പൊലീസെന്ന് കുമ്മനം
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കോഴിക്കോട് പൊലീസ് സ്‌റ്റേഷനില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്രമസമാധാന ലംഘനം ഉണ്ടാകുമ്പോഴാണ് പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോള്‍ സംഭവിക്കുന്നത് നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ നടന്ന സംഭവങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചതാണെങ്കിലും പിന്നീട് വിഷയം എങ്ങനെയുണ്ടായെന്ന് അറിയില്ല. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ഇടപെട്ടതും പ്രശ്‌നങ്ങള്‍ പരിഹരിച്ചതുമാണ്. അതിനാല്‍ ഇപ്പോള്‍ ഉണ്ടായ സാഹചര്യം ഗൌരവത്തോടെയാണ് കാണുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം നടപടികള്‍ ഉണ്ടാകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി പൊലീസാണ്. അതിനാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഇടപെടുകയും നടപടി സ്വീകരിക്കുകയും വേണമെന്നും കുമ്മനം പറഞ്ഞു.