എസ് ഡി പി ഐ എളുപ്പത്തിൽ ആളുകളെ കൊല്ലാൻ പരിശീലനം നൽകുന്ന സംഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവർത്തകൻ നസറുദ്ദീൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സഭ നിറുത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ആളെക്കൊല്ലുന്ന ചില സംഘടനകൾ നമ്മുടെ നാട്ടിലുണ്ട്. ആളുകളെ എങ്ങനെ എളുപ്പത്തിൽ കൊല്ലാം എന്നാണ് ഇവർ പരിശീലനം നടത്തുന്നത്. അതിലൊന്നാണ് എസ് ഡി പി ഐ. ഈ സംഘടനയുടെ പ്രവർത്തനം പരിശോധിക്കും. ലീഗ് പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരുദ്ധമാണ്. പൊലീസ് സ്റ്റേഷനുകളിൽ സൽക്കാരം നടത്തുന്ന കാലം കഴിഞ്ഞുവെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, എസ് ഡി പി ഐക്ക് ആരോടും ശത്രുതാപരമായ നീക്കമില്ലെന്നും മുഖ്യമന്ത്രിയുടെ പരാമർശം അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്നും എസ് ഡി പി ഐയുടെ സംസ്ഥാന ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം പ്രതികരിച്ചു. വേളം കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും നസറുദ്ദീൻ പ്രതികരിച്ചു.