ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി എസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി; കോടതിയില്‍ വി എസിനെതിരായ നിലപാട് സ്വീകരിച്ച് സംസ്ഥാനസര്‍ക്കാര്‍

തിങ്കള്‍, 4 ജൂലൈ 2016 (14:30 IST)
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച സുപ്രീംകോടതി തള്ളി. സംസ്ഥാനസര്‍ക്കാര്‍ കേസില്‍ വി എസിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ഇത് അംഗീകരിച്ച കോടതി വി എസിന്റെ ഹര്‍ജി തള്ളുകയായിരുന്നു.
 
ഐസ്ക്രീം പാര്‍ലര്‍ കേസ് 20 വർഷം പഴക്കമുള്ളതാണെന്നും കേസിൽ പലതവണ അന്വേഷണം നടന്നിട്ടുണ്ടെന്നും ഇനിയൊരു അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് വാദിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍  ഹര്‍ജി തള്ളിക്കളയണമെന്നും നിര്‍ദ്ദേശിച്ചു. 
സര്‍ക്കാരിനു വേണ്ടി കെ കെ വേണുഗോപാൽ ആണ് കോടതിയില്‍ ഹാജരായത്.
 
സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു. പി കെ  കുഞ്ഞാലിക്കുട്ടിയും വി എസ് അച്യുതാനന്ദനും രാഷ്‌ട്രീയനേതാക്കളാണ്. ഇവർ തമ്മിൽ സ്വാഭാവികമായും വൈരം നിലനിൽക്കുന്നുണ്ടാകാം. ഇത്തരം രാഷ്‌ട്രീയവൈരങ്ങൾക്ക് വേണ്ടി കോടതിയുടെ വിലപ്പെട്ട സമയം കളയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
 
വി എസിന് ഇക്കാര്യങ്ങൾ വിചാരണക്കോടതിയിൽ ഉന്നയിക്കാമെന്നും കോടതി നിർദേശിച്ചു. 

വെബ്ദുനിയ വായിക്കുക