സരിതയ്‌ക്ക് പണം കൊടുക്കാന്‍ സിപിഎമ്മില്‍ നിന്ന് ആരും പോയിട്ടില്ല: പിണറായി

ചൊവ്വ, 2 ഫെബ്രുവരി 2016 (11:27 IST)
യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ സിപിഎം സരിത എസ് നായര്‍ക്ക് പത്ത് കോടി രൂപ നല്‍കിയെന്ന ആരോപണത്തെ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സരിതയ്‌ക്ക് പണം കൊടുത്ത് സ്വാധീനിക്കാന്‍ സിപിഎമ്മില്‍ നിന്ന് ആരു പോയിട്ടില്ല. തങ്ങള്‍ പണം കൊടുത്തെന്ന ആരോപണം തെറ്റാണ്. അത്തരത്തിലൊരു നീക്കവും സിപിഎം നടത്തില്ലെന്ന് ജനങ്ങള്‍ക്കറിയാമെന്നും പിണറായി പറഞ്ഞു.

സരിതയ്‌ക്ക് പത്തുകോടി നല്‍കാമെന്ന് സരിത നേരത്തെ ആരോപിച്ചപ്പോള്‍തന്നെ തങ്ങള്‍ നിഷേധിച്ചതാണ്. തങ്ങള്‍ക്ക് കോടികളുടെ ഇടപാടുകള്‍ ഇല്ല. അത്തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നത് കോണ്‍ഗ്രസാണ്. അത് അവരുടെ സംസ്‌കാരം കൂടിയാണെന്നും പിണറായി പറഞ്ഞു. കേരളത്തിലെ ക്രമസമാധാനരംഗം തകര്‍ന്നിരിക്കുകയാണ്. ഗുണ്ടാ സംഘങ്ങള്‍ സംസ്ഥാനത്ത് സ്വൈരവിഹാരം നടത്തുകയാണ്. വിജിലന്‍സിന് ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും പോലീസിന് തങ്ങളുടെ കടമ നിര്‍വേറ്റാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തിന്റെ ജീര്‍ണത എല്ലാ രംഗത്തെയും തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ് വല്ലാതെ തളര്‍ന്നിരിക്കുകയാണ്.
ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹത നഷ്ടപ്പെട്ടു. അദ്ദേഹം ഒരുനിമിഷം പോലും വൈകാതെ രാജിവെക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉമ്മന്‍ചാണ്ടിയുടെ ഉപജാപക സംഘത്തിലെ ഒരു പാവയായി മാറിയിരിക്കകയാണെന്നും പിണറായി പറഞ്ഞു. അതിരപ്പിള്ളി പദ്ധതി വെള്ളച്ചാട്ടവും, പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക