സഫിയ വധക്കേസ്: ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ

വ്യാഴം, 16 ജൂലൈ 2015 (11:54 IST)
വിവാദമായ സഫിയ വധക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിച്ചു. ഒന്നാംപ്രതി ഹംസയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. ഹംസ പത്തുലക്ഷം രൂപ പിഴയും ഒടുക്കണം. കേസിലെ മൂന്നും നാലും പ്രതികള്‍ക്ക് മൂന്നു വര്‍ഷം വീതം തടവും 5000 രൂപ പിഴയും വിധിച്ചു. വീട്ടുജോലിക്ക് കൊണ്ടുവന്ന 12 വയസുകാരിയായ സഫിയയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
 
ഒന്നാം പ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ സി ഹംസ (50) ഉള്‍പ്പെടെ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഹംസയുടെ ഭാര്യയും മൂന്നാം പ്രതിയുമായ മൈമുന (37), നാലാംപ്രതിയും ഹംസയുടെ ബന്ധുവുമായ കുമ്പള ആരിക്കാടി കുന്നില്‍ എം അബ്ദുല്ല (58) എന്നിവരും കുറ്റക്കാരാണെന്ന് കാസര്‍കോട് ജില്ല സെഷന്‍സ് കോടതി കണ്ടെത്തി.
 
കേസിലെ രണ്ടാം പ്രതിയായ ദൊഡ്ഡപ്പിള്ളി മൊയ്തു ഹാജി, അഞ്ചാംപ്രതി റിട്ട എ എസ് ഐ, പി എന്‍ ഗോപാലകൃഷ്ണന്‍ എന്നിവരെ കുറ്റം തെളിയാത്തതിനാല്‍ കോടതി വെറുതെവിട്ടു. പന്ത്രണ്ടു വയസുകാരിയായ സഫിയയെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു എന്ന കുറ്റം ഹംസക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു. 
 
ദൃക്‌സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ-സാഹചര്യത്തെളിവുകളിലൂടെ ആയിരുന്നു കേസ് തെളിയിച്ചത്. 

വെബ്ദുനിയ വായിക്കുക