ശബരിമലയ്‌ക്ക് സമീപം വനത്തിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചു; അന്വേഷണം ശക്തമാക്കി - കണ്ടെത്തിയത് വന്‍ സ്‌ഫോടക ശേഖരം
ശനി, 3 ഡിസംബര്‍ 2016 (20:16 IST)
ശബരിമലയിലെ ശബരിപീഠത്തിനു സമീപത്തു നിന്ന് 360 കിലോ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. 30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ് പിടിച്ചെടുത്തത്.
ശനിയാഴ്ച ഉച്ചയോടെ സുരക്ഷയുടെ ഭാഗമായി പൊലീസ്, വനപാലകർ, ബോംബ് സ്ക്വാഡ്, കമാൻഡോകൾ എന്നിവരുടെ നേതൃത്വത്തിൽ വനത്തിൽ നടത്തിയ തെരച്ചിലിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ശബരിപീഠത്തിൽ നിന്നു 150 മീറ്റർ അകലെയുള്ള കൂറ്റൻ മരത്തിനടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. പടുതയിട്ടു മൂടിയ നിലയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. സ്ഫോടക വസ്തുക്കൾ ട്രാക്ടറിൽ പൊലീസ് സന്നിധാനത്തേക്കു നീക്കി.
മുമ്പ് ശബരിപീഠത്തിൽ വിഷു ഉൽസവം വരെ വെടി വഴിപാടിനായി കൊണ്ടുവന്ന വെടിമരുന്നാകാം ഇതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വിഷു ഉൽസവം വരെ വെടി വഴിപാട് നടന്നിരുന്നു. അന്ന് ഉൽസവം വനം വകുപ്പ് തടയുകയായിരുന്നു. കാനുകളുടെ പുറത്ത് നിറഞ്ഞിരിക്കുന്ന ചെളിയും മണ്ണുമാണ് ഇത്തരത്തിൽ വിലയിരുത്താൻ കാരണം.
കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്സ്പ്ലോസീവ് കൺട്രോളറെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. സന്നിധാനം പൊലീസ് കേസെടുത്തു. അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.