അസൌകര്യമറിയിച്ച് പൊലീസ്; സന്നിധാനത്തേക്ക് പോകാനുള്ള തീരുമാനം പിന്‍വലിച്ച് മഞ്ജു മടങ്ങി
ശനി, 20 ഒക്‌ടോബര്‍ 2018 (18:32 IST)
ശബരിമല ദർശനത്തിനെത്തിയ ചാത്തന്നൂർ സ്വദേശിയും കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവുമായ മഞ്ജു മടങ്ങി. സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് അസൌകര്യം അറിയിച്ചതിനൊപ്പം കനത്ത മഴയും തിരക്കും കൂടി പരിഗണിച്ചാണ് സന്നിധാനത്തേക്ക് പോകാനുള്ള തീരുമാനം പിന്‍വലിച്ച് ഇവര്‍ മടങ്ങിയത്.
തിരക്കിനൊപ്പം കനത്ത മഴയും പ്രതികൂല സാഹചര്യവും കണക്കിലെടുത്ത് ഇന്ന് മല കയറരുതെന്ന് പൊലീസ് മഞ്ജുവിനോട് ആവശ്യപ്പെട്ടിരുന്നു. ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
പ്രതികൂല സാഹചര്യത്തില്‍ മല കയറുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കാമെന്ന് അറിയിച്ചതിനു പിന്നാലെയാണ് മഞ്ജു മടങ്ങിയത്.
എഡിജിപിയും ഐജിമാരും കൂടിയാലോചന നടത്തിയ ശേഷമാണ് മഞ്ജുവിന് സുരക്ഷ നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പേരിൽ കേസുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു.
സുരക്ഷാസാഹചര്യം പരിഗണിക്കണമെന്ന പൊലീസിന്റെ അഭ്യർഥന നിരസിച്ച് മല കയറാനുള്ള മഞ്ജുവിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. മരക്കൂട്ടത്തും സന്നിധാനത്തും ആയിരത്തോളം പ്രതിഷേധക്കാര്‍ തടിച്ചു കൂടുകയും ചെയ്‌തിരുന്നു.
മുപ്പത്തിയെട്ടുകാരിയായ മഞ്ജു ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ശബരിമല ദർശനം നടത്താൻ ആഗ്രഹം അറിയിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. താന്‍ വിശ്വാസിയാണ് ആക്ടിവിസ്റ്റല്ലെന്നും മഞ്ജു പൊലീസിനെ ധരിപ്പിച്ചു.
ഐജി മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, എഡിജിപി അനിൽകാന്ത് തുടങ്ങിയവർ പമ്പ സ്റ്റേഷനിലെത്തി മഞ്ജുവായി ചർച്ച നടത്തിയെങ്കിലും മല കയറണമെന്ന ആവശ്യത്തില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.