ശബരിമല തീര്‍ത്ഥാടനം: കേരളത്തിന് പുറത്തു നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് സ്വന്തം നിലയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ഒക്‌ടോബര്‍ 2022 (11:57 IST)
തീര്‍ത്ഥാടന കാലത്ത് അയ്യപ്പ ഭക്തര്‍ക്കായി പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തില്‍ എല്ലാ സൗകര്യവും ഒരുക്കാന്‍ യോഗം തീരുമാനമായി. മണ്ഡല മകരവിളക്ക് കാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
 
അന്നദാനത്തിനുള്ള ചുമതല അയ്യപ്പ സേവാ സമാജത്തിനു നല്‍കി. ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനുമുള്ള സൗകര്യമുണ്ടാകും. കേരളത്തിന് പുറത്തു നിന്ന് ചെറു സംഘങ്ങളായെത്തുന്ന തീര്‍ഥാടകര്‍ക്ക് സ്വന്തം നിലയില്‍ ഭക്ഷണം പാകം  ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാവും. തീര്‍ഥാടനകാലത്ത് 24 മണിക്കൂറും പോലീസ് എയിഡ് പോസ്റ്റ്  പ്രവര്‍ത്തിക്കും. ആയുര്‍വേദ  ഹോമിയോ ചികിത്സയ്ക്കായി കിയോസ്‌കുകള്‍ ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു.
 
ഇടത്താവളത്തിലേക്കുള്ള ജല ലഭ്യതയ്ക്ക് തടസം ഉണ്ടാവരുതെന്ന് വാട്ടര്‍ അതോറിട്ടിക്ക് നിര്‍ദേശം നല്‍കി. നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്താന്‍ പ്രത്യേക ചുമതല നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍