സര്‍ക്കാരിന് തിരിച്ചടി; ശബരിമലയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല

ശനി, 1 ഡിസം‌ബര്‍ 2018 (09:15 IST)
ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്എസ് പങ്കെടുക്കില്ല. യോഗത്തില്‍ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ എസ്എൻഡിപി തീരുമാനം എടുത്തിട്ടില്ല. രാവിലെ ചേരുന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ തിടുക്കം എന്നിവയാണ് എന്‍എസ്എസിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ശബരിമല വിഷയത്തിൽ പൊതുസമവായം രൂപീകരിക്കുന്നതിനായി എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് അടക്കം ഇരുന്നൂറോളം സംഘടനകളെയാണ് സര്‍ക്കാര്‍ യോഗത്തിലേക്ക് ക്ഷണിച്ചത്. വൈകിട്ട് മൂന്നു മണിക്കാണ് യോഗം.

നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകൾ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സർക്കാർ നിലപാട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍