തദ്ദേശഭരണ തിരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന 15 ന്

തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (19:02 IST)
സംസ്ഥാനത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്റ്റോബര്‍ പതിനഞ്ചിനു നടക്കും. സൂക്ഷ്മ പരിശോധനയില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടെങ്കില്‍ മാത്രമേ പത്രിക തള്ളാന്‍ പാടുള്ളു എന്നാണു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം.
 
പത്രികയിലെ വര്‍ഷം, വാര്‍ഡിന്‍റെ പേര്, വോട്ടര്‍ പട്ടികയിലെ നമ്പര്‍, ചിഹ്നം തെരഞ്ഞെടുക്കല്‍, വയസ്, പേര് എന്നിവയിലെ ചില പൊരുത്തക്കേടുകള്‍, എഴുത്തു പിശക്, സാങ്കേതിക പിശകുകള്‍ എന്നിവ അവഗണിക്കും. പത്രിക സമര്‍പ്പിക്കുമ്പോള്‍ തന്നെ തിരുത്താന്‍ കഴിയുന്ന പിശകുകള്‍ തിരുത്തണമെന്നും കമ്മീഷന്‍ അറിയിച്ചു. 
 
തള്ളുന്ന പത്രിക സംബന്ധിച്ച ഉത്തരവിന്‍റെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ നല്‍കണം. പത്രിക സമര്‍പ്പിച്ചതില്‍ ആക്ഷേപമുന്നയിച്ചാല്‍ എന്തുകൊണ്ട് പത്രിക സ്വീകരിച്ചു എന്ന് വരണാധികാരി വ്യക്തമാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വെബ്ദുനിയ വായിക്കുക