സിനിമ താരങ്ങള്‍ക്കിടയില്‍ 'ഡ്രഗ് ലേഡി', പത്ത് ലക്ഷം വരെ ലഹരി ഇടപാടുകള്‍; റിന്‍സിക്കെതിരെ കൂടുതല്‍ തെളിവുകള്‍

രേണുക വേണു

ശനി, 12 ജൂലൈ 2025 (10:41 IST)
കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎയുമായി പിടിയിലായ റിന്‍സി മുംതാസ്, യാസര്‍ അറാഫത്ത് എന്നിവര്‍ക്കു സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസിനു തെളിവ് ലഭിച്ചു. ഫോണ്‍ കോളുകള്‍, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്നിവ പൊലീസ് വിശദമായി പരിശോധിച്ചു. 
 
ലഹരി കച്ചവടത്തില്‍ പണമിടപാടുകള്‍ നടത്തിയിരുന്നത് റിന്‍സിയാണ്. ലഹരി ആവശ്യത്തിനനുസരിച്ച് എത്തിച്ചുനല്‍കുക, കച്ചവടം നടത്തുക എന്നിവയാണ് യാസര്‍ ചെയ്തിരുന്നത്. സിനിമ താരങ്ങള്‍ക്കടക്കം ഇവര്‍ ലഹരി വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് വിവരം. സിനിമ സെറ്റുകളിലും പ്രൊമോഷന്‍ പരിപാടികളിലും അടക്കം റിന്‍സി ലഹരി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. 
 
ഏതാണ്ട് പത്ത് ലക്ഷം രൂപയ്ക്കുള്ള ലഹരി ഇടപാടുകള്‍ റിന്‍സി നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എംഡിഎംഎ മാത്രമല്ല കൊക്കെയ്ന്‍ ഇടപാടുകള്‍ അടക്കം റിന്‍സി നടത്തിയിട്ടുണ്ട്. കൊക്കെയ്ന്‍ ഇടപാടുമായി ബന്ധപ്പെട്ട റിന്‍സിയുടെ വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്. ' അവന്‍ എന്നോടു 50 ഗ്രാം ആണ് ചോദിച്ചത്', ' ഇനി എത്ര തരണം', ' കൊക്കെയ്ന്‍ ഒന്നും പോയിട്ടില്ല' തുടങ്ങിയ സന്ദേശങ്ങള്‍ ഈ സ്‌ക്രീന്‍ഷോട്ടില്‍ കാണാം. ലഹരി ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നവര്‍ക്ക് എംഡിഎംഎ അടക്കമുള്ള മാരക ലഹരി പദാര്‍ത്ഥങ്ങളുടെ ചിത്രങ്ങള്‍ റിന്‍സി വാട്സ്ആപ്പിലൂടെ അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
 
വയനാട്ടില്‍ നിന്ന് പിടിയിലായ സംഘമാണ് റിന്‍സിയെ കുറിച്ചുള്ള വിവരം നല്‍കിയത്. ലഹരി വാങ്ങാന്‍ പണം മുടക്കിയിരുന്നത് റിന്‍സിയാണ്. കച്ചവടം നടത്തി പണവും ലാഭവും വാങ്ങിയിരുന്നത് റിന്‍സിയുടെ കൂടെ പിടിയിലായ യാസര്‍ അറാഫത്ത്. ബാംഗ്ലൂരില്‍ നിന്നാണ് ലഹരി എത്തിയിരുന്നതെന്നും വിവരമുണ്ട്. 
 
റിന്‍സിക്കു സിനിമ മേഖലയുമായി അടുത്ത ബന്ധം 
 
റിന്‍സി മുംതാസിനു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്. ലഹരി ഇടപാടില്‍ സിനിമ താരങ്ങള്‍ക്കു ഇടനിലക്കാരിയായി റിന്‍സി പ്രവര്‍ത്തിച്ചിരുന്നതായാണ് സൂചന. ഇതേകുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 
 
സിനിമ പ്രൊമോഷന്‍ കമ്പനിയായ 'ഒബ്‌സ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ്' ക്രിയേറ്റീവ് ഹെഡ് ആയിരുന്നു റിന്‍സി. പൃഥ്വിരാജ് സിനിമയായ 'ആടുജീവിതം', ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ', ജോജു ജോര്‍ജ് ചിത്രം 'പണി' എന്നിവയുടെ പ്രൊമോഷന്‍ പരിപാടികളില്‍ റിന്‍സി സജീവസാന്നിധ്യമായിരുന്നു. സിനിമ താരങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും ലഹരി പിടിച്ച ഫ്‌ളാറ്റില്‍ മലയാള സിനിമയിലെ പല പ്രമുഖരും എത്തിയിട്ടുണ്ടെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍. 
 
റിന്‍സി മുംതാസ് വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സിനിമ മേഖലയിലുള്ളവര്‍ ഈ ഫ്‌ളാറ്റില്‍ എത്തിയിരുന്നു. എംഡിഎംഎയുമായി പിടിയിലായ യാസറിനു ലഹരി എത്തിക്കാന്‍ റിന്‍സി പണം നല്‍കിയിരുന്നെന്നും പൊലീസ് പറയുന്നു. 20.55 ഗ്രാം എംഡിഎംഎയുമായാണ് റിന്‍സിയെയും യാസറിനെയും കാക്കനാട് പാലച്ചുവടിലെ ഫ്‌ളാറ്റില്‍ നിന്ന് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ എംഡിഎംഎ വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 
 
പത്ത് മാസം മുന്‍പാണ് റിന്‍സി ഈ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നത്. അതിനുശേഷം പലപ്പോഴായി യാസറിനു ലഹരി എത്തിക്കാന്‍ പണം നല്‍കിയിരുന്നു. ഈ പണം സിനിമ മേഖലയില്‍ നിന്നുള്ളവര്‍ നല്‍കിയതാകാമെന്നും റിന്‍സി ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ടാകുമെന്നുമാണ് നിഗമനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍