പെന്‍ഷന്‍ ലഭിച്ചില്ല; റിട്ട കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

ബുധന്‍, 20 ഓഗസ്റ്റ് 2014 (08:57 IST)
പെന്‍ഷന്‍ ലഭിക്കാത്തതുകാരണം റിട്ട  കെഎസ്ആര്‍ടിസി ജീവനക്കാരന്‍  ആത്മഹത്യ ചെയ്തു. പൊന്നാനി ഡിപ്പോയില്‍നിന്ന്  ക്ളാര്‍ക്കായി  വിരമിച്ച കുമരനല്ലൂര്‍ സ്വദേശി എം സി രാമകൃഷ്ണന്‍(60) ആണ് മരിച്ചത്.  ചൊവ്വാഴ്ച രാത്രി എട്ടരയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 
സഹോദരന്‍ ചന്ദ്രന്‍ രണ്ടുമാസം മുമ്പുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ കുടുംബത്തിന്റെയും ഉത്തരവാദിത്വം രാമകൃഷ്ണനായിരുന്നു.  മൂന്ന് ദിവസം മുമ്പ് മകന്‍ വിവേകിന്  ബൈക്ക് അപകടത്തില്‍ പരിക്കേറ്റു. 
 
പെന്‍ഷന്‍ മാത്രമായിരുന്നു ഏക വരുമാന മാര്‍ഗം. മൂന്ന് മാസമായി പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നത് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ  രാമകൃഷ്ണന്‍ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക