പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു, ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകൻ അറസ്റ്റിൽ

ശനി, 7 സെപ്‌റ്റംബര്‍ 2019 (17:25 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനംനല്‍കി പീഡിപിച്ച ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകൻ അറസ്റ്റില്‍. അഞ്ചല്‍ കോമളം ശബരി ഭവനില്‍ ശബരി (25)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. രണ്ട് പെൺകുട്ടികളുടെ പരാതിയിന്മേലാണ് അറസ്റ്റ്. 
 
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് നേരിട്ട് ചെന്ന് പരാതി നല്‍കുകയായിരുന്നു. വീട്ടുകാര്‍ അറിയാതെ അന്വേഷണം നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതേ തുടര്‍ന്ന് വിഷയം അന്വേഷിച്ച് നടപടി എടുക്കാന്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടികളെ വൈദ്യപരിശോധന നടത്തിയപ്പോള്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് എസ്പി വ്യക്തമാക്കി.
 
ഇതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ശബരിക്കെതിരായ പരാതി സത്യമാണെന്ന് വ്യക്തമായത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടേയും സംഘത്തിന്റേയും പ്രവർത്തനം. 
 
2014ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതികൂടിയാണ് ശബരിയെന്ന് പോലിസ് പറഞ്ഞു. പരാതിക്കാരായ പെൺകുട്ടികൾക്ക് സംഘപരിവാറിന്റെ ഭീഷണിയുണ്ടെന്നും സൂചനയുണ്ട്. 
 
എന്നാല്‍, തന്നെ പ്രണയിച്ച് വിവാഹം കഴിച്ച ശബരിയെ ബന്ധുക്കള്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ശബരിയുടെ ഭാര്യ ആരോപിച്ചു. ഒരു മുസ്‌ലിം യുവതിയെ മതം മാറ്റിയാണ് ശബരി പ്രണയിച്ച് വിവാഹം ചെയ്തത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍