‘കേരള ഹൗസ് സ്വകാര്യ സ്ഥാപനമല്ല; ഗവർണർക്ക് കത്തയയ്‌ക്കും’
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (11:59 IST)
പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് കേരള ഹൗസ് കാന്റീനില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസ് റെയ്‌ഡ് നടത്തുകയും ചെയ്‌ത നടപടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. കേരള ഹൗസ് സ്വകാര്യ സ്ഥാപനമോ ഹോട്ടലോ അല്ല. കാന്റിനില്‍ നടത്തിയ റെയ്‌ഡ് അപലപനീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാർ സ്ഥാപനമാണ് ഡൽഹിയിലെ കേരള ഹൗസ് എന്ന സ്ഥാപനം. അവിടുത്തെ കാര്യങ്ങൾ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അറിയാമായിരുന്നു. പൊലീസിനെ വിട്ട് അന്വേഷിപ്പിച്ചതിൽ കേരള സർക്കാറിനുള്ള ശക്തമായ പ്രതിഷേധം ചൂണ്ടിക്കാട്ടി ഡൽഹി ലഫ്റ്റനൻറ് ഗവർണർക്ക് കത്തയക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിസാം ആഢംബര കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങിയ ആദ്യ ദിവസം ഒന്നാംസാക്ഷി മൊഴി മാറ്റിയ സാഹചര്യത്തില്‍ സാക്ഷികൾക്ക് സത്യസന്ധമായി മൊഴി നൽകാൻ തടസ്സമാകുന്ന രീതിയിൽ ഭീഷണി നേരിടുന്നുവെങ്കിൽ പൊലീസ് സംരക്ഷണം നൽകാന്‍ തൃശൂർ റേഞ്ച് ഐ.ജിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒന്നാം സാക്ഷി അനൂപിന്റെ കൂറുമാറ്റതിന്റെ നിയമവശങ്ങൾ സ്പെഷ്യൽ പ്രൊസിക്യൂട്ടർ പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സാക്ഷികൾ സത്യസന്ധമായും നിർഭയമായും മൊഴി നൽകേണ്ടത് കേസിൽ നീതി ഉറപ്പാക്കാൻ അനിവാര്യമാണ്. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. തക്ക ശിക്ഷ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാറിന്റെ ഭാഗത്തുനിന്നും ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരള ഹൗസ് കാന്റീനില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസ് റെയ്‌ഡ് നടത്തുകയും ചെയ്‌ത നടപടിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു. കേരള ഹൌസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലീസ് നടപടി തെറ്റാണ്. പൊലീസ് മിതത്വം പാലിക്കണമായിരുന്നെന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൌസ് സ്വകാര്യ ഹോട്ടലല്ല, സര്‍ക്കാര്‍ സ്ഥാപനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.