അഴിമതി പ്രോത്സാഹിപ്പിക്കുന്നതിന് നിയമസഭാ സമിതിയെ കരുവാക്കിയതില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ശ്രീനു എസ്

വെള്ളി, 6 നവം‌ബര്‍ 2020 (15:10 IST)
സര്‍ക്കാരിന്റെ സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കുന്നതിനും അഴിമതി പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാ സമിതിയെ കരുവാക്കിയ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കി.
 
ലൈഫ്മിഷന്‍ അഴിമതിയന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പദ്ധതിയുടെ രേഖകള്‍ ആവശ്യപ്പെട്ടത് നിയമസഭയുടെ അവകാശങ്ങളിന്മേലുള്ള കടന്നു കയറ്റമായി ചിത്രീകരിച്ച് ഇ.ഡിഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം ആരായാന്‍ സഭയുടെ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിതീരുമാനിച്ച സംഭവത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.
 
രാജ്യത്തെ ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതം ഇ.ഡി നടത്തുന്ന അന്വേഷണം നിയമസഭയുടെ അവകാശങ്ങിന്മേലുള്ള കടന്നു കയറ്റമാവുന്നതെങ്ങനെയെന്ന് മനസിലാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടി. നിയമസഭാ സമിതിയുടെ അധികാര പരിധിയില്‍ വരാത്തതാണ് ഈ വിഷയം. എന്നിട്ടും ഇക്കാര്യത്തില്‍ ജെയിംസ് മാത്യൂവിന്റെ നോട്ടീസ് ലഭിച്ചയുടന്‍ അതില്‍ പ്രഥമ ദൃഷ്ട്യാ അവകാശ ലംഘന പ്രശ്നം ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന് പോലും പരിശോധിക്കാതെ സ്പീക്കര്‍ സമിതിക്ക് റഫര്‍ ചെയ്തതും കമ്മിറ്റി ഇക്കാര്യത്തില്‍ അമിതമായ ആവേശം കാണിച്ചതും നിയമസഭയിലും അതിന്റെ കമ്മിറ്റികളിലുമുള്ള പൊതു ജനവിശ്വാസം നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍ തുടര്‍ന്നു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍