ഏകാധിപതിയുടെ അരാജകത്വനടപടിയാണ് രാജ്യത്ത് നടക്കുന്നത്; രാജ്യത്ത് സാമ്പത്തികഫാസിസം; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ചെന്നിത്തല
ചൊവ്വ, 22 നവംബര്‍ 2016 (12:26 IST)
രാജ്യത്ത് നടക്കുന്നത് ഒരു ഏകാധിപതിയുടെ അരാജകത്വനടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണമേഖല നേരിടുന്ന പ്രതിസന്ധിയെ മറികടക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് പണത്തിനയി ക്യൂവില്‍ നിന്ന് മരണമഞ്ഞ 70ഓളം പാവപ്പെട്ട ആളുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു ചെന്നിത്തല സംസാരിച്ചു തുടങ്ങിയത്.
ഒരു ഏകാധിപതിയുടെ അരാജകത്വനടപടിയാണ് രാജ്യത്ത് നടക്കുന്നത്. പാര്‍ലമെന്റില്‍ നോട്ടു വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നില്ല. ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ല. ഇടതുമുന്നണിയുമായി തങ്ങള്‍ക്കും തങ്ങളോട് ഇടതുമുന്നണിക്കും അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍, എല്ലാ താല്പര്യങ്ങളും മാറ്റിവെച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്നത് നാടിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയം മാറ്റിവെച്ച് രാജഗോപാല്‍ ഈ പ്രതിസന്ധിയില്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചു കാലഘട്ടങ്ങളില്‍ നോട്ട് പിന്‍വലിച്ചതു കൊണ്ട് കള്ളപ്പണം മാറ്റാന്‍ കഴിഞ്ഞോ. കള്ളപ്പണം പലതിലേക്കായി മാറ്റപ്പെട്ടാണ് നിലനില്‌ക്കുന്നത്. അത് സ്വര്‍ണമായും ഭൂമിയായും മറ്റും മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ, കള്ളപ്പണം കണ്ടെത്താന്‍ നോട്ട് അസാധുവാക്കല്‍ കൊണ്ട് കഴിയില്ല.
സാമ്പത്തികഫാസിസം ആണ് ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ സര്‍ക്കുലേഷനിലുള്ള നോട്ടുകളില്‍ 86 ശതമാനം നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ ആളുകള്‍ പ്രതിസന്ധിയിലാകുന്നു. എ ടി എമ്മില്‍ പണമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നു. തീരുമാനമെടുക്കാനായി കേന്ദ്രകാബിനറ്റ് കൂടിയത് ആകെ അഞ്ച്, 10 മിനിറ്റ് ആണ്. മന്ത്രിമാരെ ഗണ്‍പോയിന്റില്‍ നിര്‍ത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതാണോ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമെന്നും ചെന്നിത്തല ചോദിച്ചു.
വിദേശബാങ്കുകളിലെ കള്ളപ്പണം കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. രാജ്യത്ത് 86 ശതമാനവും കാഷ് ട്രാന്‍സാക്ഷന്‍ ആണ്. ഉല്പാദനമേഖല തകര്‍ന്നു, കാര്‍ഷികമേഖല തകര്‍ച്ച നേരിടുന്നു. 1.5 കോടി കല്യാണങ്ങള്‍ ആണ് ഒരു ആഴ്ചക്കുള്ളില്‍ നടക്കുമെന്നാണ് കണക്ക്. കല്യണക്കുറിയുമായി പണത്തിനു വേണ്ടി ക്യൂ നില്‍ക്കേണ്ടി വരുന്നത് കഷ്‌ടമാണെന്നും ചെന്നിത്തല പറഞ്ഞു.
സാമ്പത്തികവിദഗ്‌ധന്മാര്‍ പറയുന്നത് അനുസരിച്ച് ഇന്ത്യ വന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പോകുന്നു. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയാണെങ്കില്‍ ഇത്തരം നടപടികള്‍ മനസ്സിലാക്കാന്‍ പറ്റും. പിന്നെ, എന്ത് അടിസ്ഥാനത്തിലാണ് 24, 000 രൂപ മാത്രമേ എടുക്കാന്‍ പറ്റൂ എന്ന് പറയുന്നത്.
പണത്തിന്റെ ലഭ്യതക്കുറവ് കാര്‍ഷികമേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. സഹകരണബാങ്കില്‍ കള്ളപ്പണം ഉണ്ടെന്ന് പറയുന്നു, എങ്കില്‍ അത് അന്വേഷിക്കാന്‍ ഏജന്‍സികള്‍ ഉണ്ടല്ലോ, അവര്‍ക്ക് അന്വേഷിക്കാം. 97ആം ഭരണഘടന ഭേദഗതിയിലൂടെ ലഭിച്ച അധികാരം ഉപയോഗിച്ചാണ് സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.