യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല; ഇക്കാര്യത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണം: രമേശ് ചെന്നിത്തല

ചൊവ്വ, 16 ഓഗസ്റ്റ് 2016 (10:12 IST)
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആവിഷ്കരിച്ച മദ്യനയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മദ്യനയത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണം.  പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും ചെന്നിത്തല കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
 
അതേസമയം മദ്യനയത്തിലും ബാറുകള്‍ അടച്ചുപൂട്ടിയ കാര്യത്തിലും യാതൊരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ വ്യക്തമാക്കി. കൂടാതെ ടൂറിസത്തിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ ബാറുകള്‍ തുറക്കാനുളള നീക്കമാണ് നടത്തുന്നതെന്നു സുധീരന്‍ ആരോപിച്ചു.
 
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്നും പുനരാലോചനകള്‍ വേണമെന്നുമുള്ള ചര്‍ച്ചകള്‍ ഇടതുപക്ഷത്ത് സജീവമാണ്. ബാര്‍ സൗകര്യം ഇല്ലാത്തതിനാല്‍ അന്താരാഷ്ട്ര സെമിനാറുകള്‍, യോഗങ്ങള്‍ എന്നിവ കേരളത്തില്‍ വെച്ച് നടക്കുന്നില്ലെന്നും യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്ന് വ്യക്തമാക്കി ടൂറിസം മന്ത്രി എ സി മൊയ്തീന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക