രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ സമയത്ത് 'ബീഫ് ചലഞ്ച്'; ആഹ്വാനവുമായി സോഷ്യല്‍ മീഡിയ

രേണുക വേണു

തിങ്കള്‍, 22 ജനുവരി 2024 (08:27 IST)
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയത്ത് ബീഫ് ചലഞ്ചുമായി സോഷ്യല്‍ മീഡിയ. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ കളങ്കപ്പെടുത്തുന്നതാണ് അയോധ്യയില്‍ നടക്കാന്‍ പോകുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെന്ന് ആരോപിച്ചാണ് വ്യത്യസ്തമായ പ്രതിഷേധം. ഹിന്ദുത്വ വാദികള്‍ക്ക് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനായി രാമസൂക്തങ്ങള്‍ ഉച്ചരിക്കാന്‍ ആഹ്വാനം ചെയ്യാമെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും അതിനായി ആഹ്വാനം ചെയ്യാനും അവകാശമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്. 
 
ഇന്ത്യയുടെ പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കുന്നതും പ്രാണപ്രതിഷ്ഠയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചതും ഇന്ത്യയുടെ മതേതര സ്വഭാവത്തിനു കളങ്കം വരുത്തുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ബീഫ് ചലഞ്ചിന് നിരവധി പേര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രാണപ്രതിഷ്ഠ സമയത്ത് കഴിക്കാന്‍ ബീഫ് പാകം ചെയ്തതിന്റെ ചിത്രങ്ങള്‍ അടക്കം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 
 
ഇന്ന് രാവിലെ 11.30 ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം 12.20 നായിരിക്കും രാമക്ഷേത്ര പ്രാണപ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ബാലവിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനായി 11 മണിയോടെ അയോധ്യയിലെത്തും. നാല് മണിക്കൂറോളം പ്രധാനമന്ത്രി രാമജന്മഭൂമി മന്ദിറില്‍ തങ്ങും. 
 
1992 ഡിസംബര്‍ ആറിനാണ് 500 വര്‍ഷത്തിലേറെ പഴക്കമുള്ള ബാബറി മസ്ജിദ് കര്‍സേവകര്‍ പൊളിക്കുന്നത്. അയോധ്യ രാമന്റെ ജനന സ്ഥലമാണെന്നും മുന്‍പ് അവിടെ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് പണിഞ്ഞതെന്നും ആയിരുന്നു തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ വാദിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ബാബറി മസ്ജിദ് പൊളിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയത്. പിന്നീട് അയോധ്യയിലെ ഈ ഭൂമി തര്‍ക്കപ്രദേശമായി നിലനില്‍ക്കുകയും ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ വരെ എത്തുകയും ചെയ്തു. 2019 ലെ സുപ്രീം കോടതി വിധി പ്രകാരമാണ് തര്‍ക്ക പ്രദേശത്ത് ഇപ്പോള്‍ രാമക്ഷേത്രം പണിയുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍