'താന്‍ നല്‍കിയ പാലും കുടിച്ച് കൂട്ടുകാർക്ക് പലഹാരവും പൊതിഞ്ഞ് പോയതാ, എന്നെങ്കിലും തിരിച്ച് വരുമെന്ന് കരുതി’- രാഖിയുടെ പിതാവ് പറയുന്നു

വ്യാഴം, 25 ജൂലൈ 2019 (12:44 IST)
ഇക്കഴിഞ്ഞ ജൂൺ 21നാണ് പൂവാർ സ്വദേശിനിയായ രാഖി രാജനെ കാണാതാവുന്നത്. എറണാകുളത്ത് ജോലി ചെയ്തിരുന്ന രാഖി അന്നേ ദിവസം വീട്ടിൽ നിന്നും സുഹൃത്തുക്കൾക്കുള്ള പലഹാരവും കരുതി ഇറങ്ങിയതാണെന്ന് പിതാവ് രാജൻ കണ്ണീരോടെ ഓർക്കുന്നു. പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടിയില്ല, യാതോരു വിവരവുമില്ലാതെ ആയതോടെ പൊലീസിൽ പരാതി നൽകി. 
 
ഒരു മാസമായി പൊലീസ് അന്വേഷിക്കുന്നു. ഒടുവിൽ അമ്പൂരിൽ തട്ടാൻമുക്കിൽ അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തി. ഇതിന്റെ ഞെട്ടലിലാണ് കുടുംബം. മകളെ കാണാതായതോടെ ആരോടെങ്കിലും പ്രണയമുണ്ടായി ഒളിച്ചോടിയതാകാമെന്നും എന്നെങ്കിലും തിരിച്ച് വരുമെന്ന് കരുതിയിരിക്കുകയായിരുന്നു എന്നുമായിരുന്നു ഇവർ കരുതിയിരുന്നത്. എന്നാൽ, മകളുടെ ജീർണിച്ച ശരീരം കാണേണ്ടി വരുമെന്ന് ഒരിക്കൽ പോലും രാജൻ കരുതിയിരുന്നില്ല.  
 
പുത്തന്‍കടയിലെ പഞ്ചായത്ത് വക കടയില്‍ പതിറ്റാണ്ടുകളായി രാജന്‍ തട്ടുകട നടത്തുകയാണ്. ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ചായക്കടയില്‍ നിന്ന് താന്‍ നല്‍കിയ പാലും കുടിച്ച് അക്കു വിളിക്കുന്നുവെന്ന് പറഞ്ഞ് ട്രെയിന്‍ ടിക്കറ്റിനുള്ള പൈസയുമായി യാത്ര പറഞ്ഞു പോയതാണ് മകളെന്ന് പിതാവ് തേങ്ങലോടെ പറയുന്നു. 
 
രാഖിയുമായി 6 വര്‍ഷം പ്രണയത്തിലായിരുന്ന അഖിലാണ് കൊലപാതകത്തിനു പിന്നിൽ. രാഖിയെ മനപ്പൂര്‍വ്വം ഒഴിവാക്കിയത് 4 വര്‍ഷമായി തുടരുന്ന മറ്റൊരു പ്രണയത്തിന് വേണ്ടിയും. ഇവരുടെ വിവാഹ നിശ്ചയം വരെ കാര്യങ്ങള്‍ എത്തിയതോടെയാണ് രാഖിയെ ഒഴിവാക്കിയത്. 
 
രാഖിയുടെ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് കാര്യങ്ങള്‍ കൂടുതല്‍ തെളിഞ്ഞത്. ഡല്‍ഹിയില്‍ സൈനികനായ ഇയാള്‍ 21ന് നെയ്യാറ്റിന്‍കരയിലെത്തി രാഖിയെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. കാര്‍ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയതായാണ് സൂചന.
 
കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന അയല്‍വാസിയാണ് മൊഴി നല്‍കിയത്. അഖിലിന്റെ സഹോദരന്‍ രാഹുലിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍