ഇടിയോടു കൂടിയ മഴ, മലയോര ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (15:58 IST)
പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിന് മുകളിലും തെക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രവാതചുഴി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. 
 
കേരളത്തിലെ മലയോര മേഖലകളില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ മുന്നറിയിപ്പ്. മലയോര മേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തുക. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര പരമാവധി ഒഴിവാക്കുക. 
 
സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഗമണ്‍ റോഡ് മംഗള ഗിരി-ഒറ്റയിട്ടി ഭാഗത്ത് ഉരുള്‍പ്പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീക്കോയി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ തീക്കോയി വില്ലേജില്‍ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നീ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടിയതായി വിവരമുണ്ട്. കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ വ്യാപകമായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍