എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് ഇക്കുറി 88 ശതമാനം മഴയാവും ലഭിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇക്കുറി 93 ശതമാനം മഴ ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍. മഴയില്‍ കാര്യമായ കുറവുണ്ടായ കഴിഞ്ഞ വര്‍ഷം രാജ്യത്ത് 90 ശതമാനം മണ്‍സൂണ്‍ മഴയാണ് ലഭിച്ചത്. ശരാശരിയിലും ഏഴു ശതമാനത്തോളം മഴ കുറയുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് ഏതാനും ആഴ്ചകൾക്കു മുമ്പ് പുറത്തിറക്കിയ ആദ്യ പ്രവചനത്തിൽ പറഞ്ഞിരുന്നത്.
മഴ വൈകുന്നതും മഴയുടെ തോത് കുറയുന്നതും രാജ്യത്തെ കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഡല്‍ഹി, ഹരിയാണ, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളെയായിരിക്കും മഴയുടെ കുറവ് ദോഷകരമായി ബാധിക്കുക.
കഴിഞ്ഞ വര്‍ഷം മഴയില്‍ പന്ത്രണ്ട് ശതമാനം കുറവുണ്ടായതാണ് രാജ്യത്തെ കാര്‍ഷിക വളര്‍ച്ച 0.2 ശതമാനത്തില്‍ നില്‍ക്കാന്‍ കാരണം. പരുത്തി, ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ എന്നീ കൃഷികളെയെയാണ് മഴയുടെ കുറവ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തില്‍ മൊത്തം 251.12 ദശലക്ഷം ടണ്ണിന്റെ കുറവാണ് ഉണ്ടായത്.