വീണ്ടും ജാഗ്രതാ നിര്‍ദേശം; ഇടുക്കിയില്‍ അതിശക്തമായ മഴയും നീരൊഴുക്കും - ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നു
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടു തുറന്നു. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി.
ഒന്ന്, അഞ്ച് എന്നീ ഷട്ടറുകളാണ് വീണ്ടും തുറന്നത്. ഇതോടെ ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നു. അടച്ച ഷട്ടറുകള്‍ വീണ്ടും തുറന്നേക്കുമെന്നാണ് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു.
ചെറുതോണി അണക്കെട്ട് തുറന്ന് സെക്കന്‍ഡില്‍ 600 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതോടെ കൂടുതല്‍ ജലം ഒഴുകി എത്തുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ചെറുതോണി പാലത്തിലേക്ക് വീണ്ടും വെള്ളം കയറാനുള്ള സാഹചര്യം നിലവിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.