നിരന്തരം തിരിച്ചടികള്‍ തരുന്ന ദക്ഷിണ റെയില്‍വെ വീണ്ടും കേരളത്തിന് പാര പണിയുന്നു. ജൂലൈ ഒന്നു മുതല്‍ രണ്ട് ട്രെയിനുകളുടെ സര്‍വീസുകള്‍ കൂടി കോയമ്പൂരിലേക്ക് നീട്ടുന്നു. 12623/12624 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍, 16527/ 16528 യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനുകളാണു കോയമ്പത്തൂര്‍ വഴി സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത്.
കോയമ്പത്തൂര്‍ ജംഗ്ഷന്‍ വഴി സര്‍വീസാക്കുന്നതോടെ അരമണിക്കൂറോളം യാത്രാസമയം കൂടുന്നതിനൊപ്പം കേരളത്തില്‍നിന്നുള്ള റിസര്‍വേഷന്‍ ക്വാട്ടയിലും ഇടിവ് വരും. കേരളത്തിനു നിലവിലുള്ള റിസര്‍വേഷന്‍ ക്വാട്ടയില്‍ 15 ശതമാനത്തോളം കൊയമ്പത്തൂര്‍ സ്റ്റേഷനിലേക്കു മാറുകയും ചെയ്യും.
ഇത് ഏറെ വലയ്ക്കുന്നത് കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയാകും. പാലക്കാട് ഡിവിഷനെ വിഭജിച്ചു മംഗലാപുരം ഡിവിഷനു വേണ്ടിയുള്ള നടപടികള്‍ ആരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി സദാനന്ദ ഗൌഡ പറഞ്ഞിട്ട് അധികം നാളാകുന്നതിനു മുമ്പേ തന്നെ സര്‍വീസ് ദീര്‍ഘിപ്പിക്കാന്‍ ദക്ഷിണ റെയില്‍വെ തീരുമാനിച്ചതിനു പിന്നില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ്.
രണ്ട് ട്രെയിനുകളിലേക്കുമുള്ള റിസര്‍വേഷനും തുടങ്ങി. കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസിനു നിലവില്‍ പോത്തന്നൂരിലുള്ള സ്റ്റോപ്പ് ഓഗസ്റ്റ് ഒന്‍പതു വരെ തുടരും. മലബാറില്‍നിന്നു ബാംഗളൂരിലേക്കു ദിവസേന ഷൊര്‍ണൂര്‍ വഴിയുള്ള ഏക സര്‍വീസാണ് കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ്. ഒന്നരമാസം മുമ്പ് റിസര്‍വേഷന്‍ ചെയ്താല്‍ മാത്രമേ സാധാരണഗതിയില്‍ ഈ ട്രെയിനില്‍ റിസര്‍വേഷന്‍ ഉറപ്പാകുകയുള്ളൂ.
മുമ്പ് പോത്തന്നൂര്‍, ഇരിഗൂര്‍ വഴി സര്‍വീസ് നടത്തിയിരുന്ന അഞ്ച് ട്രെയിനുകളാണ് ഒരു വര്‍ഷത്തിനിടയില്‍ കോയമ്പത്തൂര്‍ ജംഗ്ഷന്‍ വഴിയാക്കിയത്. എന്നാല്‍ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നതിനോടൊപ്പം കോച്ചുകളുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്താന്‍ റെയില്‍വെ തയ്യാറാകാത്തത് കേരളത്തിലെ യാത്രക്കാരെ ഏറെ വലക്കും.