വിവാദപ്രസംഗത്തില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണപിള്ളയ്ക്കെതിരെ കേസെടുക്കാന്‍ ഡിജിപി ലോക്‍നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതോടെ ഗണേഷ് കുമാര്‍ സമ്മര്‍ദ്ദത്തില്‍. വിവാദപ്രസംഗത്തില്‍ എല്ലാ മത വിഭാഗങ്ങളോടും മാപ്പ് പറഞ്ഞ ഗണേഷ് ലക്ഷ്യം വയ്‌ക്കുന്നത് ഇടതുമുന്നണില്‍ ഉറച്ചു നില്‍ക്കാനുള്ള തന്ത്രം.
യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് എല്‍ഡിഎഫിന്റെ പിന്തുണയയോടെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച ഗണേഷിന് ഇടതുമുന്നണിയോട് കൂറ് കൂടുതലാണ്. ഈ സാഹചര്യത്തില്‍ വിവാദ പ്രസംഗത്തില്‍ ബാലകൃഷ്‌ണപിള്ളയ്ക്കെതിരെ നിയമനടപടികള്‍ ഉണ്ടായാലും ഗണേഷ് വിഷയത്തില്‍ ഇടപെടുകയോ പ്രസ്‌താവനകള്‍ നടത്തുകയോ ഇല്ല. അതേസമയം, പിള്ളയെ സംരക്ഷിക്കേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍ അതിന്റെ ഭാഗമായിട്ടാണ് കേസെടുക്കാന്‍ തീരുമാനമുണ്ടായതും.
ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോട് അകന്നു പോകുന്നത് സിപിഎമ്മിനെ വേട്ടയാടിയ പ്രധാന പ്രശ്‌നമായിരുന്നു. ഇതിനിടെ ബിജെപിയുടെ കടന്നുവരവും കൂടിയായതോടെ ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ ശക്തമായ നീക്കങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. ആ നീക്കങ്ങളുടെ ഒരു വിജയം കൂടിയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിലെ വിജയവും. ഇതിനിടെ പിള്ള നടത്തിയ പ്രസംഗം ഇടിവെട്ടുപോലെയാണ് ഇടതുപാളയത്തില്‍ വന്നു വീണത്. പിള്ളയെ പിന്തുണച്ചാല്‍ അനുകൂല സാഹചര്യം തകരുമെന്ന് വ്യക്തമായതോടെയാണ് നിയമപരമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മുസ്‌ലിം ലീഗും കോണ്‍ഗ്രസ് അനുകൂല സംഘടകളും പിള്ളയുടെ പ്രസംഗത്തിനെതിരെ പരസ്യമായി രംഗത്തു വന്നിട്ടില്ലെങ്കിലും പരോക്ഷമായി മുസ്‌ലിം വിഭാഗത്തിനിടെ ഇടതു വിരുദ്ധത പടര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. തങ്ങളില്‍ നിന്ന് അകന്നു പോയവരെ കൂടെ നിര്‍ത്താനാണ് ഈ ശ്രമം. ലീഗില്‍ നിന്ന് വോട്ടുകള്‍ നഷ്‌ടമായെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് വ്യക്തമാക്കിയിരുന്നു.
അതിനിടെ മലബാറില്‍ ഇടതുമുന്നണിയെ കൈയയച്ചു സഹായിച്ച കാന്തപുരം വിഭാഗം, ജമാ ആത്ത ഇസ്ലാമി പോലുള്ള മുസ്‌ലിം സംഘടനകള്‍ പിള്ളയുടെ പ്രസംഗത്തിനെതിരെ രംഗത്തുണ്ട്. ഈ അവസരത്തില്‍ പിള്ളയെ സഹായിക്കാതെ കേസ് നടപടികളുമായി മുന്നോട്ടു പോകാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് (ബി) അകന്നാലും കുഴപ്പമില്ല ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടെ നില്‍ക്കണം എന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഈ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായങ്ങളൊന്നും കേരളാ കോണ്‍ഗ്രസ് (ബി) പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴും ബാലകൃഷ്‌ണപിള്ള ഇടതുമുന്നണിയുടെ ഭാഗമല്ലെന്നും പത്തനാപുരത്ത് പിന്തുണ നല്‍കിയതല്ലാതെ അവരുമായി മറ്റു ബന്ധങ്ങള്‍ ഇല്ലെന്നുമാണ് സി പി എം നേതാക്കള്‍ പറയുന്നത്. ഗണേഷിന്റെ പിന്തുണയില്ലെങ്കിലും ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കാനില്ല. അതൊക്കെ മുന്നില്‍ കണ്ട് പിള്ളയെ തള്ളി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഇടതിനൊപ്പം ചെര്‍ന്നു നില്‍ക്കാനാണ് ഗണേഷിന്റെ തീരുമാനം.