പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി; എഡിജിപി അജിത് കുമാറിനെ മാറ്റിനിര്‍ത്തും

രേണുക വേണു

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (11:54 IST)
PV Anvar and ADGP Ajith Kumar

പി.വി.അന്‍വര്‍ എംഎല്‍എയുടെ ഗുരുതര വെളിപ്പെടുത്തലില്‍ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറിനെ തല്‍സ്ഥാനത്തു നിന്ന് നീക്കും. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തും. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. 
 
എഡിജിപി എം.ആര്‍.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു നീക്കിയേക്കും. രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദര്‍വേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണു വിവരം. ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
 
അതേസമയം അജിത് കുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അന്‍വര്‍ ഇന്നും രംഗത്തെത്തി. സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതിലും എഡിജിപി അജിത് കുമാറിനു പങ്കുണ്ടെന്നാണ് അന്‍വറിന്റെ ആരോപണം. കേസ് അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനു പങ്കുണ്ടെന്ന് കേസ് അന്വേഷിച്ച സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്‍വര്‍ ഫോണ്‍ സന്ദേശം പുറത്തുവിട്ട് പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍