പാഠപുസ്തക അച്ചടി സ്വകാര്യപ്രസുകള്‍ക്ക് നല്കാന്‍ ധാരണ

ചൊവ്വ, 7 ജൂലൈ 2015 (16:27 IST)
സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാഠപുസ്തക അച്ചടി 15നകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.
 
പതിനഞ്ച് ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ആയിരിക്കും സ്വകാര്യ പ്രസ്സിന് നല്കുക. അതേസമയം, ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും അച്ചടി സെക്രട്ടറിയും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുകയാണ്. അച്ചടി സ്വകാര്യ പ്രസ്സുകള്‍ക്ക് നല്കുന്നതിനെ അച്ചടി സെക്രട്ടറി രാജു നാരായണ സ്വാമി എതിര്‍ത്തു. ഒരു കാരണവശാലും സ്വകാര്യ പ്രസുകള്‍ക്ക് അച്ചടി നല്കില്ലെന്ന നിലപാടിലാണ് രാജു നാരായണസ്വാമി.
 
ഇതിനിടെ, ഒമ്പത് ലക്ഷം പുസ്തകം മാത്രമേ അച്ചടിക്കാന്‍ കഴിയൂ എന്ന് കെ ബി പി എസ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അച്ചടി സ്വകാര്യപ്രസുകള്‍ക്ക് നല്കാന്‍ തീരുമാനമായത്.

വെബ്ദുനിയ വായിക്കുക