കൊലക്കേസിൽ സാക്ഷി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ ആൾ മറ്റൊരു കേസിൽ പ്രതിയായി

ശനി, 4 ജൂണ്‍ 2016 (12:27 IST)
ബി ജെ പി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ സാക്ഷി പറയാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് മറ്റൊരു കേസിൽ പ്രതിയായി. ബി ജെ പി പ്രവര്‍ത്തകന്‍ എടവിലങ്ങ് മങ്കറ മനീഷാണ്(32) പൊലീസ് പിടിയിലായത്. ബി ജെ പി പ്രവര്‍ത്തകന്‍ എടവിലങ്ങ് വല്ലത്ത് കെല്ലപ്പെട്ട പ്രമോദ് കേസിൽ സാക്ഷി പറയാനെത്തിയതായിരുന്നു മനീഷ്.
 
തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയായിരുന്നു പ്രമോദ് കൊല്ലപ്പെട്ടത്. സംഭവത്തിന് കാരണമായ എൽ ഡി എഫ്- ബി ജെ പി സംഘർത്തിൽ സാക്ഷി പറയാനും പ്രതികളെ തിരിച്ചറിയാനുമായിരുന്നു പൊലീസ് മനീഷിനെ വിളിപ്പിച്ചത്.
 
അതേസമയം, സംഘർഷത്തിനിടെ ബൈക്കുകാരന്റെ കാലിൽ മനീഷ് വടികൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് കാലിന്റെ എല്ല് പൊട്ടിയ യുവാവ് മനീഷിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പ്രമോദ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യും മുമ്പ് മനീഷിനെ അറസ്റ്റ് ചെയ്താലുണ്ടാകുന്ന സംഘർഷം ഒഴുവാക്കാനായിരുന്നു അറസ്റ്റിന് മുതിരാതിരുന്നത്.
 
സംഘര്‍ഷം നടന്ന എടവിലങ്ങ് സൊസൈറ്റിക്ക് മുന്നില്‍ ഘടിപ്പിച്ച സി സി ടി വിയില്‍ നിന്നും പ്രതികളെ കേസിൽ സാക്ഷി പറയാനെത്തിയ മനീഷ് കാണിച്ചുകൊടുത്തു. അതേ സി സി ടി വി ദൃശ്യത്തിൽ മനീഷ് യുവാവിനെ ആക്രമിക്കുന്ന ദൃശ്യവും ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് പൊലീസ് മനീഷിനേയും പ്രമോദ് കേസിലെ പ്രതികളേയും അറസ്റ്റ് ചെയ്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക