ആഭ്യന്തര വകുപ്പിന്റെ തലയില്‍ കയറി ഇരിക്കാന്‍ ആരും ശ്രമിക്കേണ്ട; കൂടുതല്‍ ഉത്തരവാദിത്വങ്ങളൊന്നും പൊലീസ് ഏറ്റെടുക്കേണ്ട - മുഖ്യമന്ത്രി

ശനി, 6 ഓഗസ്റ്റ് 2016 (20:22 IST)
കേരള പൊലീസിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര വകുപ്പിന്റെ തലയില്‍ കയറി ആരും ഇരിക്കാന്‍ ശ്രമിക്കേണ്ട. പൊലീസ് ചേരി തിരിവിന്റെ ഭാഗമാകാന്‍ പാടില്ല. തെറ്റായ വഴിക്കാണ് സേന പോകുന്നതെങ്കില്‍ സംഘടനാ സ്വാതന്ത്രം ഇല്ലാതാക്കും. അമിതമായ രാഷ്‌ട്രീയക്കളി പൊലീസ് സംഘടനകളില്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.  

നാട്ടിലെ ക്രമസമാധാനപാലന ചുമതലയാണു പൊലീസിനുള്ളത്. അതല്ലാത്ത മറ്റ് ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കേണ്ട. നാട്ടിൽ നിയമം നടപ്പാക്കണം. കേസന്വേഷണത്തിൽ കൃത്യമായ നടപടികളുമായി മുന്നോട്ടുപോകണം. ഭരണമാറ്റത്തിലൂടെ തങ്ങളുടെ കാര്യങ്ങൾക്കു പരിഹാരം കാണാമെന്ന എന്തെങ്കിലും ചിന്തയുണ്ടെങ്കിൽ അതൊക്കെ മാറ്റി വച്ചേക്കണം. മന്ത്രിസഭയും സർക്കാരുകളുമൊക്കെ മാറും. ഇതൊരു സിസ്റ്റത്തിന്റെ ഭാഗമാണ്. കേരള പൊലീസിനു സ്വന്തമായി ഒരു വ്യക്തിത്വവും നിലപാടുമുണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊല്ലത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാരൻ യാത്രക്കാരനെ വയർലെസ് സെറ്റു കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചത് സേനയ്ക്കാകെ നാണക്കേടുണ്ടാക്കി. ഇത്തരം പ്രവര്‍ത്തികള്‍ സർക്കാരിന്റെയും പൊലീസിന്റെയും യശസ്സു കെടുത്തിക്കളയുമെന്നും ജില്ലാ പൊലീസ് വായ്പാ സഹകരണസംഘത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മളനം ഉദ്ഘാടനം ചെയ്യവെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക