നാലു കല്ലുംകൊണ്ട് ചെന്നാൽ കേരളത്തിന് ഡാം കെട്ടാനാകില്ല, മോശമായതെല്ലാം നേരത്തെ തന്നെ ചാര്‍ത്തി കിട്ടിയ ആളാണ് താൻ എന്ന് പിണറായി വിജയൻ

ശനി, 4 ജൂണ്‍ 2016 (13:32 IST)
കഴിഞ്ഞ കാലത്തെ തെറ്റുകൾ തിരുത്തി ഭരണം മുന്നോട്ട് കൊണ്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കല്ലും നെല്ലും പതിരും തിരിച്ചറിഞ്ഞതു കൊണ്ടാണ് ജനങ്ങള്‍ തന്നെ ജനപ്രതിനിധിയാക്കിയതെന്നും ജനങ്ങളുടെ പ്രതീക്ഷ തകർക്കുന്ന രീതിയിലുള്ള നടപടി തന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
മോശമായതെല്ലാം നേരത്തെ തന്നെ ചാര്‍ത്തി കിട്ടിയ ആളാണ് താന്‍. നാല് കല്ലുമായി ചെന്നാല്‍ കേരളത്തിന് ഡാം കെട്ടാനാവില്ല, അതിന് കേരളത്തിനും തമിഴ്നാടിനും സമ്മതപ്രകാരമുള്ള തീരുമാനമാണ് വേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിലെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരമാര്‍ശം. 
 
പുതിയ ഡാം വേണ്ട എന്ന നിലപാട് തനിക്കോ സർക്കാരിനോ ഇല്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന്റെ ഉറപ്പ് ലോകത്തിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സമിതിയെ കൊണ്ട് പരിശോധിപ്പിക്കുമെന്നും ഡാം വിഷയത്തില്‍ തമിഴ്‌നാടുമായി സംഘര്‍ഷത്തിനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ ഏകപക്ഷീയമായി കേരളത്തിന് അണക്കെട്ട് നിര്‍മ്മിക്കാന്‍ ആകില്ലെന്നും പിണറായി നേരത്തെ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക