21-)ം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിനിടെ വിഎസ് അച്യുതാനന്ദനെതിരെ പിണറായി വിജന്‍ പൊട്ടിത്തെറിച്ചു. അഴിമതിക്കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ കൊലക്കേസിലും കുടുക്കാന്‍ ശ്രമിക്കുന്നെന്ന ഗുരുതരമായ ആരോപണമാണ് സമ്മേളനത്തിനിടെ പിണറായി ഉന്നയിച്ചത്. തെറ്റുചെയ്യാത്തതിനാല്‍ തനിക്ക് ഭയമില്ലെന്നും വിജയനെ തകര്‍ക്കാന്‍ വിജയനു മാത്രമെ സാധിക്കു എന്നും പിണറായി പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണത്തിനിടെയാണ് പിണറായി വികാര വിക്ഷോഭത്തൊടെ പൊട്ടിത്തെറിച്ചത്.
ഇടുക്കിയിലെ പ്രസംഗത്തിന്റെ പേരില്‍ എംഎം മണിയെ കേസില്‍ കുടുക്കിയവര്‍ തന്നെ കൊലക്കേസിലുള്‍പ്പെടുത്താന്‍ നോക്കുന്നു. ടിപിയുമായി തനിക്ക് വ്യക്തിവിരോധമുണ്ടായിരുന്നു എന്ന് പറഞ്ഞ് വിഎസ് മണിയെ കുടുക്കിയവര്‍ക്ക് കത്ത് നല്‍കി കൊലക്കേസില്‍ തന്നെ കുടുക്കാന്‍ നോക്കുന്നു എന്നും പിണറായി പറഞ്ഞു. ഇതിനിടെ വിഎസിനെതിരെ ഇക്കാര്യം നേരത്തെ പറയേണ്ടതായിരുന്നു എന്ന് പറഞ്ഞ് എംഎം ലോറന്‍സ് എഴുനേറ്റു. ഇദ്ദേഹത്തെ കോടിയേരി ഇടപെട്ടാണ് ശാന്തനാക്കിയത്.
ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയണമോ എന്ന് ആലോചിച്ചിരുന്നു എന്നും എന്നാല്‍ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഞാന്‍ പറയേണ്ടതെന്ന് പിണറായി യോഗത്തിനിടെ ചോദിച്ചു. തനിക്ക് പ്രതിപക്ഷ നേതാവായിരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വിഎസ് തന്നെ മുമ്പൊരിക്കല്‍ പറഞ്ഞിരുന്ന കാര്യം എടുത്തിട്ട് താല്‍പ്പര്യമില്ലാത്തവര്‍ ആ സ്ഥാനത്തിരുന്നാല്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് പരിഹസിക്കുകയും ചെയ്തു. പിണറായിയുടെ പരിഹാസത്തില്‍ യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ പങ്കുചേരുകയും ചെയ്തു.
സമീപകാലത്ത് ഇത്രയധികം വിമര്‍ശനങ്ങള്‍ പിണറായി ഉന്നയിച്ചിട്ടില്ല എന്നാണ് മുതിര്‍ന്ന പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മുതീര്‍ന്ന സിപിഎം പ്രതിനിധികളും ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പിണറായി ഇക്കാര്യങ്ങള്‍ ഉന്നയിച്ചത് എന്നത് ശ്രദ്ദേയമാണ്. ഇതോടെ സംസ്ഥാന സമ്മേളനം പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ക്ക് പകരം വിഎസ്- പിണറായി സംഘര്‍ഷങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒതുങ്ങുമെന്ന് ഉറപ്പായി.