പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; അസുരന്‍കുണ്ട് ഡാമില്‍ ജാഗ്രതാ മുന്നറിയിപ്പ്

രേണുക വേണു

തിങ്കള്‍, 15 ജൂലൈ 2024 (18:38 IST)
പെരിങ്ങല്‍ക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകള്‍ രണ്ടു അടി ഘനം വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റര്‍ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. 
 
ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 
ശക്തമായ മഴയെതുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ ചേലക്കര സെക്ഷന്റെ അധീനതയിലുള്ള അസുരന്‍കുണ്ട് ഡാം റിസര്‍വോയറിന്റെ ജലനിരപ്പ് 8.50 മീറ്ററിനോട് അടുത്തെത്തിയതിനാല്‍ ഷട്ടറുകല്‍ തുറക്കുന്നതിനുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 8.80 മീറ്ററാകുമ്പോള്‍ ഡാം തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മെനര്‍ ഇറിഗേഷന്‍ അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍