പീച്ചി ഡാം ഷട്ടറുകള്‍ ഉയര്‍ത്തുന്നു; പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

രേണുക വേണു

വെള്ളി, 24 ഒക്‌ടോബര്‍ 2025 (11:22 IST)
തൃശൂര്‍ പീച്ചി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് (ഒക്ടോബര്‍ 24) ഉച്ചയ്ക്ക് 12 മണിക്ക് നാല് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് ഇഞ്ച് (5 സെന്റിമീറ്റര്‍) വീതം ഉയര്‍ത്തുമെന്ന് പീച്ചി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
കെ.എസ്.ഇ.ബി ചെറുകിട വൈദ്യുതി നിലയത്തില്‍ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇന്നലെ (23.10.2025) രാവിലെ മുതല്‍ നിലയം വഴി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നുവെങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നത് വരെ നിലയത്തിലൂടെയുള്ള ഒഴുക്ക് തടസ്സപ്പെടുമെന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്.
 
ഷട്ടറുകള്‍ ഉയര്‍ത്തുന്നതിലൂടെ മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലേതില്‍ നിന്നും ഏകദേശം 20 സെന്റിമീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍